Skip to main content

സർക്കാരിന്റെ യാത്ര നവോത്ഥാന കേരളത്തിൽ നിന്നും നവകേരളത്തിലേക്ക് : മന്ത്രി വി. അബ്ദുറഹിമാൻ

നവോത്ഥാന കേരളത്തിൽ നിന്നും നവ കേരളത്തിലേക്കുള്ള യാത്രയാണ് സർക്കാർ നടത്തുന്നതെന്ന് കായിക വഖഫ് ഹജ്ജ് തീർഥാടന വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ. 60 വയസുകഴിഞ്ഞ ആളുകൾക്ക് 1600 രൂപ പെൻഷൻ നൽകുന്ന ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ പദ്ധതി നടപ്പിലാക്കിയത് കേരളമാണ്.  ജനക്ഷേമത്തോടൊപ്പം പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാരിന് കഴിഞ്ഞു. നെയ്യാറ്റിൻകര മണ്ഡലത്തിൽ നടന്ന നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യപ്രക്രിയയിൽ ജനങ്ങളോട് ചേർന്ന് നിന്നുകൊണ്ട് മുന്നോട്ടു പോവുകയാണ് ഏതൊരു സർക്കാരും ലക്ഷ്യം വയ്‌ക്കേണ്ടത്.  ജനങ്ങളുടെ ഒട്ടേറെ അടിസ്ഥാന വികസന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറിനായി. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം മറ്റെല്ലാവർക്കും മാതൃകയാണ്. 64 ലക്ഷം പേർക്കാണ് കേരളം ക്ഷേമ പെൻഷൻ നൽകുന്നത്. 43 ലക്ഷം കുടുംബങ്ങൾക്കാണ് കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂലം ലഭിക്കുന്നത്. വികസന പ്രവർത്തനങ്ങൾ നാടിന്റെ തണലായി മാറുന്ന കാഴ്ചയാണ് കാണുന്നത്. കേരളം ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

date