Skip to main content

ദേശീയ സരസ് മേള  : കാട്ടുതേൻ മുതൽ ഗന്ധകശാല അരി വരെ; വനവിഭവങ്ങൾ ഒരു കുടക്കീഴിൽ

 

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള വിവിധതരം വനവിഭവങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിൽ. പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർ കുടുംബശ്രീയുടെ സഹായത്തോടെ ആരംഭിച്ച വിവിധ സംരംഭങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും വനത്തിൽ നിന്നും ശേഖരിച്ച വിഭവങ്ങളും മൂല്യ വർധിത  വസ്തുക്കളുമാണ് സരസ്മേളയിലെ വിപണന സ്റ്റാളിൽ വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. 

ഇതാദ്യമായാണ്  സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള  ഉൽപ്പന്നങ്ങൾ  ഇത്തരത്തിൽ ഒരൊറ്റ സ്റ്റാളിൽ എത്തിച്ചിട്ടുള്ളതെന്ന്  അധികൃതർ പറഞ്ഞു. ഈറ്റ കൊണ്ടും മുളകൊണ്ടും  പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് ഉൽപ്പന്നങ്ങൾ  അണിനിരത്തിയിരിക്കുന്നത്. കാട്ടുതേൻ മുതൽ  ഗന്ധകശാല അരി വരെ  ഇവിടെനിന്ന് വാങ്ങാം. ഒരു മായവും കലരാത്ത പരിശുദ്ധമായ ഉൽപ്പന്നങ്ങളാണ് അവയോരോന്നും.

ചോലനായ്ക്കർ  വിഭാഗത്തിലുള്ളവർ  ശേഖരിച്ച വിവിധതരം തേനുകൾ, കരകൗശല  വസ്തുക്കൾ, അച്ചാറുകൾ, ചെറുധാന്യങ്ങൾ, പതിമുഖം, കാപ്പി, ഗന്ധകശാല അരി ഉൾപ്പെടെയുള്ള കാർഷിക വിളകൾ, കുടംപുളി, തെള്ളി, സോപ്പുകൾ, തുടങ്ങി വൈവിധ്യമാർന്ന  നിരവധി വസ്തുക്കൾ ഇവിടെ നിന്ന് ന്യായമായ വിലയിൽ വാങ്ങാം.
കലൂർ  ജവഹർലാൽ നെഹ്റു  സ്റ്റേഡിയം ഗ്രൗണ്ടിൽ  ജനുവരി ഒന്ന് വരെയാണ് സരസ് മേള  സംഘടിപ്പിച്ചിരിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

date