Skip to main content

കുന്നംകുളം നഗരസഭയില്‍ ജനുവരി 1 മുതല്‍  കെ–സ്മാര്‍ട്ട് പദ്ധതി 

തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ – സ്മാര്‍ട്ട്  ഡിജിറ്റലൈസ് സംവിധാനം ജനുവരി 1 മുതല്‍ കുന്നംകുളം നഗരസഭയിലും നിലവില്‍വരും. നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഇതിനുള്ള ധാരണയായി.  
 
അപേക്ഷ തരുന്നത് മുതല്‍ നഗരസഭയില്‍ നിന്ന് സേവനം ലഭിക്കുന്നത് വരെ അപേക്ഷകന്‍ നേരിട്ട് വരേണ്ടതില്ല എന്നതാണ് കെ – സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ കൊണ്ടുദ്ദേശിക്കുന്നത്.

സോഫ്റ്റ് വെയര്‍ സംവിധാനം മികച്ച രീതിയില്‍ നടപ്പിലാക്കാനും പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനുമായി ജനുവരി 1 നു മുന്‍പു തന്നെ നഗരസഭയില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ ആരംഭിക്കും. നഗരസഭയിലെ ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിപ്പിക്കും. 

പുതിയ പദ്ധതിയായതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാൻ അതത് വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കെ – സ്മാര്‍ട്ട് രജിസ്ട്രേഷന്‍ ആരംഭിക്കും. ഇതിലൂടെ കേരളത്തിലെ ഏതൊരു നഗരസഭ, കോര്‍പ്പറേഷനുകളിലേക്കും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കും. ആധാര്‍കാര്‍ഡ്, മൊബൈല്‍ഫോണ്‍ എന്നിവയുടെ ലിങ്ക് സംവിധാനവും ഇതിനായി ഉപയോഗപ്പെടുത്തും. 

കെ – സ്മാര്‍ട്ട് പദ്ധതിയുടെ ഡാറ്റാ പോര്‍ട്ടിങ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭയില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളായ ജനന – മരണ - വിവാഹ രജിസ്ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസന്‍സ്, അപേക്ഷകള്‍, ബില്ലുകള്‍ മുതലായവ ഡിസംബര്‍ 27 മുതല്‍ 5 ദിവസത്തേക്ക് തടസ്സപ്പെടുമെന്നും പൊതുജനങ്ങള്‍ നഗരസഭയുമായി സഹകരിക്കണമെന്നും സെക്രട്ടറി വി.എസ് സന്ദീപ്കുമാര്‍ അറിയിച്ചു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

date