Skip to main content

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് ഇന്ന് (ഡിസംബർ 27)തുടക്കം

•ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനങ്ങൾ
•2 ഡി,3 ഡി ആനിമേഷൻ നിർമ്മാണം
•ജില്ലയിൽ 18 ക്യാമ്പുകൾ

കോട്ടയം :ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകൾക്ക് ജില്ലയിൽ ഇന്ന് (ഡിസംബർ 27) തുടക്കം . ഇന്ന് മുതൽ 31 വരെ 13 ഉപജില്ലകളിലായി 18 ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം. ആദ്യമായി ഈ വർഷം മുതലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡിയെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ് വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ ടൈറ്റിൽ തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്യും. പ്രോഗ്രാമിംഗ് വിഭാഗത്തിൽ പിക്റ്റോബ്ലാക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിൽ നിർമ്മാണം, നിർമ്മിതബുദ്ധി, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തുടങ്ങിയവ തയ്യാറാക്കും. പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ മൊഡ്യൂൾ പരിശീലിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിംഗ് വിഭാഗത്തിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്ന 143 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 4217 അംഗങ്ങളാണുള്ളത്. സെപ്റ്റംബർ മാസത്തിൽ നടന്ന സ്കൂൾതല ക്യാമ്പുകളിൽ നിന്നും പ്രവർത്തന മികവിന്റെയടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 1015 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കൈറ്റ് തയ്യാറാക്കിയ മൊഡ്യൂൾ അടിസ്ഥാനമാക്കി രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റർമാരും സ്കൂൾ ഐ ടി കോ- ഓർഡിനേറ്റർമാരും ആയിരിക്കും. സബ്ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും .

 

date