Skip to main content

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്:  ഓളപ്പരപ്പിലെ താരങ്ങളായി മെഹദും മിലനും

 

ആവേശം അലതല്ലിയ കയാക്കിങ് മത്സരത്തിൽ വേറിട്ട അനുഭവമായി കുട്ടി  സഹോദരങ്ങളുടെ പ്രകടനം. ഫറോക്ക് സ്വദേശികളായ ഒൻപതു വയസുകാരൻ മെഹദ് ഹസ്സൻ, 12 വയസുളള മിലൻ ഹസ്സൻ എന്നിവരാണ് മുതിർന്നവർക്കൊപ്പം മികച്ച പ്രകടനവുമായി കാണികളെ അമ്പരിപ്പിച്ചത്. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പുരുഷ വിഭാഗം സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് മത്സരത്തിലാണ് ഇരുവരും പങ്കെടുത്തത്.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി കയാക്കിങ്ങിൽ ഇരുവരും പരിശീലനം നേടുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. മുല്ലവീട്ടിൽ ഡോ. ഷാനു,  ഡോ. ജിഷ ദമ്പതികളുടെ മക്കളാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മിലനും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മെഹദും.

കേരളത്തിന് അകത്തുംപുറത്തും നിന്നുമായി 25 മത്സരാർത്ഥികളാണ് പുരുഷ വിഭാഗം സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് മത്സരത്തിൽ പങ്കെടുത്തത്.
കുട്ടിത്താരങ്ങളുടെ പ്രകടനത്തിന് കയ്യടിയുമായി കാണികളും ചേർന്നതോടെ മത്സരം ആവേശഭരിതമായി.  ടി പി രാഹുലാണ് മത്സരത്തിൽ വിജയിച്ചത്

date