Skip to main content

ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ

 

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് പ്രൗഢ തുടക്കം

ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്!  മേൽപ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത്  ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോൾ കര ആകാശമുയരത്തിൽ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകർന്നും ഉത്സവത്തെ വരവേറ്റു.

ബേപ്പൂർ മറീന ബീച്ചിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിനു ധനന്ത്രി കെ.എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവത്തിന്റെ മൂന്നാം സീസണ് പ്രൗഢഗംഭീര തുടക്കമായി.

അടുത്ത വർഷം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖല ക്രൂയ്‌സ് ഷിപ്പിങ്ങ് ആണെന്നും ബേപ്പൂർ ക്രൂയ്‌സ് ഷിപ്പിങ്ങ് രംഗത്ത് പ്രധാന കേന്ദ്രമായി മാറുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. "ഇപ്പോൾ വരുന്നതിലും വലിയ കപ്പലുകൾ വരാൻ ഡ്രെഡ്ജിങ് നടത്താനായി ബേപ്പൂർ തുറമുഖത്തിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. കൂടാതെ സാഗർമല പദ്ധതിയിൽ പുതിയ വാർഫ് ഉൾപ്പെടെ സമഗ്ര വികസനത്തിനും ഫണ്ടുണ്ട്. 300 മുതൽ 500 പേർ വരെ കയറുന്ന ക്രൂയിസ് കപ്പൽ അടുക്കാനായാൽ ബേപ്പൂർ ഈ രംഗത്തെ പ്രധാന കേന്ദ്രമായി മാറും," മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രകൃതിയും കാലാവസ്ഥയും നമുക്ക് നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ സാധിക്കും. ഒരുമയുടെയും സഹോദര്യത്തിന്റെയും കൂട്ടായ്മ ഊട്ടിയുറപ്പിക്കാൻ ബേപ്പൂർ ഫെസ്റ്റ് പോലുള്ള മേളകൾ സഹായിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ബേപ്പൂർ ഫെസ്റ്റ് പോലുള്ള നാടിന്റെ കൂട്ടായ്മകളാണ് നമ്മെ നാമാക്കുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. "ഈ കൂട്ടായ്മ പുതിയ മുന്നേറ്റമാണ്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത് എന്ന് വ്യക്തമാകുന്നു," മന്ത്രി പറഞ്ഞു.

എല്ലാവരെയും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് എന്ന് അധ്യക്ഷത വഹിച്ച വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ചൂണ്ടിക്കാട്ടി. "2021 ലെ കണക്കനുസരിച്ചു വെറും ആറു ശതമാനമായിരുന്നു മലബാറിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം. ഇത് മറികടക്കാനാണ് ബേപ്പൂർ പോലെ നിരവധി സ്ഥലങ്ങളിൽ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചത്. മലബാറിൽ ടൂറിസം വികസിക്കുമ്പോൾ അത് മൊത്തം സംസ്ഥാനത്തിന്റെ കുതിപ്പിന് വഴിയൊരുക്കും," മന്ത്രി റിയാസ് വിശദമാക്കി.

കേരളത്തിൽ ആദ്യത്തെ ഡ്രോൺ ഷോ ഡിസംബർ 29 ന് ബേപ്പൂർ ഫെസ്റ്റിൽ നടക്കുന്നതാണ് മൂന്നാം സീസണിലെ പുതുമയെന്നു മന്ത്രി പറഞ്ഞു.

വിഴിഞ്ഞം-ബേപ്പൂർ-അഴീക്കൽ ഉൾപ്പെടെയുള്ള തുറമുഖങ്ങളെ കേന്ദ്രീകരിച്ചു ക്രൂയ്‌സ് ഷിപ്പിങ്ങിനു അനന്ത സാധ്യതയാണെന്ന് മുൻ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ വ്യക്തമാക്കി. "ദുബായ്-ബേപ്പൂർ യാത്രാകപ്പൽ സർവീസ് തുടങ്ങാൻ ടെൻഡർ അനുമതിയായി. ജനുവരിയിൽ സംസ്ഥാന മാരിടൈം ബോർഡ്‌ ടെൻഡർ വിളിക്കും," ദേവർകോവിൽ പറഞ്ഞു.

കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ സജീഷ്,  വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ എന്നിവരും സംസാരിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

date