Skip to main content

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച ബാര്‍ജുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി ഒന്നിന്

മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും

സംസ്ഥാന കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി) നിര്‍മ്മിച്ച പൊസൈഡണ്‍ ഓയില്‍ ടാങ്കര്‍ ബാര്‍ജിന്റെയും ലക്ഷ്മി ആസിഡ് ബാര്‍ജിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

12.32 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 3.02 കോടി രൂപ കമ്പനിയുടെ തനതു ഫണ്ടും ഉപയോഗിച്ച് ഗോവ വിജയ് മറൈന്‍ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മിച്ച പൊസൈഡണ്‍ എന്ന 1400 മെട്രിക് ടണ്‍ ശേഷിയുള്ള ഓയില്‍ ടാങ്കര്‍ ബാര്‍ജും 3 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 1.50 കോടി രൂപ കമ്പനിയുടെ തനതു ഫണ്ടും ഉപയോഗിച്ച് കെ. എസ്.ഐ.എന്‍.സി.യുടെ സ്വന്തം യാര്‍ഡില്‍ നിര്‍മ്മിച്ച ലക്ഷ്മി എന്ന 300 മെട്രിക് ടണ്‍ ശേഷിയുള്ള ആസിഡ് ബാര്‍ജുമാണ് പ്രവര്‍ത്തന സജ്ജമാകുന്നത്. യാനങ്ങളുടെ ഗണത്തില്‍ ഈ രണ്ട് ജലവാഹനങ്ങള്‍ കൂടി ചേരുമ്പോള്‍ പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ക്ക് ഇന്ധന വിതരണത്തിലൂടെയും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ജലമാര്‍ഗ്ഗം ആസിഡ് നല്‍കുന്നതിലൂടെയും കമ്പനിക്ക് അധിക വരുമാനം കണ്ടെത്തുവാന്‍ സാധിക്കും.

ബോള്‍ഗാട്ടി ഐ.ഡബ്ല്യു.എ.ഐ റോറോ ജെട്ടിയില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി, എംഎല്‍എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍, അഡ്വ. എല്‍സി ജോര്‍ജ്, കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ്, കെ.എസ്.ഐ.എന്‍.സി ചെയര്‍മാന്‍ കെ.ടി. ചാക്കോ, മാനേജിംഗ് ഡയറക്ടര്‍ ആര്‍.ഗിരിജ, മറ്റു ജനപ്രതിനിധികള്‍, തൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date