Skip to main content

നിര്‍മിത ബുദ്ധിയില്‍ പരിശീലനവുമായി ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ 27 മുതല്‍

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ ജില്ലയില്‍ ഡിസംബര്‍ 27 മുതല്‍ തുടങ്ങും. 15 ഉപജില്ലകളിലായി 19 ക്യാമ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 31 വരെയുള്ള ദിവസങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുക. ആനിമേഷന്‍, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലം നല്‍കുന്നത്. ആദ്യമായാണ്  എ ഐ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓപ്പണ്‍ ടൂണ്‍സ്,  കെഡിയെന്‍ ലൈവ് , ബ്ലെന്‍ഡര്‍ തുടങ്ങിയ സോഫ്‌റ്റ്വെയറുകളിലാണ് ആനിമേഷന്‍പരിശീലനം നല്‍കുന്നത്. പ്രോഗ്രാമിംഗ് വിഭാഗത്തില്‍ പിക്‌റ്റോബ്ലാക്ക് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഗെയിം നിര്‍മ്മാണം, നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വാതില്‍, ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന തരംതിരിക്കല്‍ യന്ത്രം തുടങ്ങിയവ തയ്യാറാക്കും.
ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന 147 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലായി 4888 അംഗങ്ങളാണുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സ്‌കൂള്‍തല ക്യാമ്പുകളില്‍ നിന്ന് പ്രവര്‍ത്തന മികവിന്റെയടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 1108 കുട്ടികളാണ് 19 ഉപജില്ലാ ക്യാമ്പുകളിലായി പങ്കെടുക്കുന്നത്. സബ്ജില്ലാ ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും

date