Skip to main content
ചങ്ങാതി പദ്ധതി ; അതിഥി തൊഴിലാളികളുടെ സര്‍വേ തുടങ്ങി

ചങ്ങാതി പദ്ധതി ; അതിഥി തൊഴിലാളികളുടെ സര്‍വേ തുടങ്ങി

 ആലപ്പുഴ : സാക്ഷരതാ മിഷന്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സര്‍വേ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളഭാഷയും
സംസ്‌കാരവും പഠിപ്പിക്കുന്നതിന് സാക്ഷരതാ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ചങ്ങാതി.
പെരുമ്പാവൂര്‍ നഗരസഭയിലാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത് തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു . 2018ല്‍ ആലപ്പുഴയിലും 2019ല്‍ പാണാവള്ളിയിലും 2022-23 കാലയളവില്‍ എഴുപുന്ന ഗ്രാമപഞ്ചായത്തിലും ചങ്ങാതി പദ്ധതി വിജയകരമായി നടപ്പിലാക്കി.
ഈ വര്‍ഷം ചേന്നംപള്ളിപ്പുറം ഗ്രാമത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നടത്തുന്ന സര്‍വേയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ് നിര്‍വ്വഹിച്ചു.
ചേര്‍ത്തല ഐ എച്ച് ആര്‍ ഡി എന്‍ജിനിയറിംഗ് കോളജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍മാരാണ് സര്‍വേ നടത്തുന്നത്.വ്യവസായ സ്ഥാപനങ്ങളും ഷെല്‍ട്ടറുകളും  സര്‍വ്വേയില്‍ ഉള്‍പ്പെടുത്തും. സര്‍വേ ക്രോഡീകരണത്തിന് ശേഷം പഠന കേന്ദ്രങ്ങള്‍ നിശ്ചയിക്കും. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയതിന് ശേഷം ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഹമാരി മലയാളം എന്ന പാഠപുസ്തകമാണ് ക്ലാസുകള്‍ക്ക് ഉപയോഗിക്കുക, മൂന്ന് മാസമാണ് പഠനകാലയളവ്.
സര്‍വേ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. വി രതീഷ്, അരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നൈസി ബെന്നി, കെ. എസ്. ഐ. ഡി. സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍.കെ പ്രസന്നന്‍, പ്രോജക്ട് അസിസ്റ്റന്റ് എ.ഐ ഷെമീര്‍,  ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ജയശ്രീ, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജി രതീഷ്, ഷാനി, പ്രേരക്മാരായ കെ.കെ രമണി, അനില്‍കുമാര്‍, ഷൈല എന്നിവര്‍ പങ്കെടുത്തു,  വ്യാഴാഴ്ച സര്‍വേ അവസാനിക്കും.

date