Skip to main content

ഹരിതമിത്രം ആപ്പിന്റെ ക്യു.ആര്‍ കോഡ് പതിപ്പിച്ച് കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്പിന്റെ ക്യു.ആര്‍ കോഡ് പതിപ്പിക്കലും വിവരശേഖരണവും നടത്തി. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് ഖരമാലിന്യ സംസ്‌കരണത്തിനുള്ള നിരീക്ഷണ സംവിധാനത്തിനായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം എന്ന അപ്ലിക്കേഷന്‍ സ്ഥാപിച്ചത്. വീട് ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാവും. ഹരിതകര്‍മ്മ സേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ്‌വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും.
ആപ്പ് വഴി യൂസര്‍ഫീ നല്‍കാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തില്‍ കണ്ടുപിടിക്കാനും വാതില്‍പ്പടി ശേഖരണം കൃത്യമായി നടപ്പാക്കാനും സാധിക്കും. മാലിന്യസംസ്‌കരണത്തിനായി പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ആവശ്യപ്പെടാനും കാലതാമസം വരുമ്പോള്‍ അത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും പരാതി നല്‍കാനും ഫീസ് അടക്കാനും സാധിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രമ അധ്യക്ഷയായ പരിപാടിയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശാലിനി, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍, ഒമ്പതാം വാര്‍ഡ് മെമ്പര്‍ ടി. ഷീല, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date