Skip to main content

ജില്ലാ വികസന സമിതി സംസ്ഥാന സ്‌കൂള്‍ കലോത്സവം മികവുറ്റ സംഘാടനം ഉറപ്പാക്കണം -ജില്ലാ വികസന സമിതി

കൗമാര കേരളം മുഴുവനായി കൊല്ലത്തേക്ക് എത്തുന്ന 62 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവതിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കണം എന്ന് ജില്ലാ വികസന സമിതി യോഗം. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പൊതുനിര്‍ദേശം. കലോത്സവ നാളുകളില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും ജില്ലയിലേക്ക് കേന്ദ്രികരിക്കപ്പെടും. പരാതിരഹിതമായ കലോത്സവം സംഘടിപ്പിക്കുന്നതിന് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം.

  ജില്ലയുടെ വികസനത്തിനായി അനുവദിച്ച തുകയില്‍ 91.95 ശതമാനവും ചിലവഴിച്ചു. ഇത് നേട്ടമാണ്. ഫണ്ട് വിനിയോഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന വകുപ്പുകള്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് മുഴുവന്‍ തുകയും വിനിയോഗിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

 പുറമ്പോക്കില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുത് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് പട്ടയ അസംബ്ലികള്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാ തല സമിതി രൂപികരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ ജില്ലാ തല സമിതി രൂപീകരിക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. അച്ചന്‍കോവില്‍ തൂവല്‍ മലയില്‍ വിദ്യര്‍ഥികള്‍ വനത്തിനുള്ളില്‍ അകപ്പെട്ട സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വനം-പോലീസ് വകുപ്പുകള്‍ സ്വീകരിക്കണം. കൂടുതല്‍ ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കണം. വന്യമൃഗ ശല്യവും ആക്രമണവും മുന്നില്‍ കണ്ട് വാച്ചര്‍മാര്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമാക്കണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മൂവായിരത്തില്‍ അധികം ഓ പി കേസുകള്‍ ദിനംപ്രതി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. നെല്‍വയല്‍ തണ്ണീര്‍ തട സംരക്ഷണ സമിതികളുടെ നിലവിലെ പട്ടികയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അവ പുനഃപരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഓച്ചിറ - ആയിരംതെങ്ങ്, പുതിയകാവ് - കാട്ടില്‍കടവ് റോഡുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്ന് സി ആര്‍ മഹേഷ് എം എല്‍ എ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി താലൂക് ആശുപത്രിക്കായി അനുവദിച്ച ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വേഗതയില്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ഗുണപ്രദമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതുവര്‍ഷ ആഘോഷങ്ങള്‍ കണക്കിലെടുത്തു എക്സൈസ്, ഫോറസ്‌ററ്, പോലീസ് എന്നി വകുപ്പുകളുടെ പരിശോധനകള്‍ കര്‍ശനമാക്കണം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി എ സജിമോന്‍ നിര്‍ദേശിച്ചു. ഹൗസ് ബോട്ട് ഹോം സ്റ്റേ എന്നിവ കേന്ദ്രികരിച്ചു കൂടുതല്‍ ഊര്‍ജിതമായ പരിശോധന എക്സൈസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം. 11 വര്‍ഷത്തിനു ശേഷം കൊല്ലത്തു വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം കുറ്റമറ്റ രീതിയില്‍ മികച്ച ഗതാഗത ക്രമീകരണങ്ങള്‍ അടക്കം നിര്‍വഹിച്ചു ക്രമീകരിക്കണം. പത്തനാപുരം ബൈ പാസ് നിര്‍മാണവും പത്തനാപുരം -നെടുംപറമ്പ് റോഡ് നിര്‍മാണവും ത്വരിതപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കെ എസ് ആര്‍ ടി സി ബസുകളുടെ സര്‍വീസ് ശാസ്ത്രീയമായി പുനഃക്രമീകരിക്കണം എന്നും കൊല്ലം തിരുവനതപുരം റൂട്ടില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ ഫാസ്റ്റ് ബസുകള്‍ക്ക് അനുവദിക്കണം എന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ പ്രതിനിധി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കൊല്ലം ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിക്കണം എന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രതിനിധി പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. എം എല്‍ എ, എം പി ഫണ്ടുകള്‍ അനുവദിച്ചു സ്ഥാപിച്ച ഹൈ മസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകളില്‍ പ്രവര്‍ത്തനരഹിതമായവ ഉണ്ടെങ്കില്‍ അവയുടെ കണക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കൊല്ലം ചെങ്കോട്ട റോഡില്‍ നടപ്പാതകള്‍ നിര്‍മിച്ചവ കച്ചവടക്കാര്‍ കയ്യേറിയ സാഹചര്യത്തില്‍ കയ്യേറ്റം ഒഴിപ്പിച്ചു പാത കാല്‍നട യാത്രക്കാര്‍ക്കു സഞ്ചാരയോഗ്യമാക്കണം എന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു. മുക്കാട് പാലത്തിന്റെ സര്‍വേ നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും ചവറ സര്‍ക്കാര്‍ കോളജിന്റെ ഹോസ്റ്റല്‍ കെട്ടിട നിര്‍മാണത്തില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നം പരിഹരിക്കണം എന്നും സുജിത് വിജയന്‍പിള്ള എം എല്‍ എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു.

നവകേരള സദസ്സിന്റെ ജില്ലയിലെ മികച്ച സംഘാടനത്തിനു വേണ്ടി പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥരെയും യോഗത്തില്‍ കലക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.

date