Skip to main content
സൗജന്യ ഹെൽത്ത് ക്യാരവൻ സേവനവുമായി മറ്റത്തൂർ പഞ്ചായത്ത്

സൗജന്യ ഹെൽത്ത് ക്യാരവൻ സേവനവുമായി മറ്റത്തൂർ പഞ്ചായത്ത്

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ ഹെൽത്ത് ക്യാരവാന്റെ സേവനം ലഭ്യമാക്കികൊണ്ടുള്ള ആരോഗ്യപരിപാലന പദ്ധതിയ്ക്ക് കോടാലിയിൽ തുടക്കമായി. ഗ്രാമപഞ്ചായത്തും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും ഗുഡ് സ്മരിറ്റൻ മെഡിക്കൽ സെന്ററും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 
എല്ലാ മാസവും ഹെൽത്ത് ക്യാരവാനിലൂടെ സൗജന്യ അൾട്രാസൗണ്ട് സ്കാനിങ് അടക്കം നിരവധി ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.

 ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ആശയം ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ പരിപാലന ബോധവൽക്കരണം ശക്തമാക്കിക്കൊണ്ട് രോഗലക്ഷണങ്ങളെ തുടക്കത്തിലെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 ഹെൽത്ത് കാരവാനിൽ ഡോക്ടർമാരുടെ ഒ.പി സേവനം,  ഡെന്റൽ പരിശോധന, പോർട്ടബിൾ എക്സറേ, അൾട്രാ സൗണ്ട് സ്കാനിങ്, ക്യാൻസർ, സ്ട്രോക്ക്, ഹാർട്ടറ്റാക്ക്, കിഡ്നി ഫെയിലിയർ, ലിവർ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ തടയുന്നതിനുള്ള സൗജന്യ സേവനങ്ങളാണ് വിഭാവനം ചെയ്യുന്നത്. 

എല്ലാ മാസവും പഞ്ചായത്തിലെ ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് സേവനങ്ങൾ വിപുലപ്പെടുത്തും. ഡയാലിസിസ് രഹിത ഗ്രാമപഞ്ചായത്ത് ആക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സൗജന്യ ഹെൽത്ത് കാരവാൻ പദ്ധതിയുടെ ഉദ്ഘാടനം മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് നിജില്‍  അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു മനോജ്, മെഡിക്കൽ ഡയറക്ടർ ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ ഡോ. റിഷിൻ സുമൻ, സി.ഇ.ഒ ശാന്തി ഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ ഫാദർ ജോയ് കൂത്തൂർ, ജനറൽ ഫിസിഷൻ ഡോ. ശില്പ റേഡിയോളജിസ്റ്റ് ഡോ. ജോണി പൗലോസ്, ദന്തരോഗ വിദഗ്ധൻ ഡോ. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

date