Skip to main content

കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു 

 

 

കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവഹിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. 

നബാർഡിന്റെ സഹായത്തോടെയാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. 11.4 കോടി രൂപയുടെ ഭരണാനുമതിയും 9.64 കോടി രൂപയുടെ സാങ്കേതികാനുമതിയുമാണ് പ്രവൃത്തിക്ക് ലഭിച്ചിട്ടുള്ളത്. രണ്ടുനില കെട്ടിടമാണ് നിർമ്മിക്കുക. തറ നിലയിൽ ഫാർമസി, വെയ്റ്റിങ് ഏരിയ, ലാബ്, നേഴ്സ് റസ്റ്റ് റൂം, ഒ പി, ഡ്യൂട്ടി, പ്ലാസ്റ്റർ റൂം, ഇഞ്ചക്ഷൻ, കാഷ്വാലിറ്റി, പോർച്ച്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റുകൾ, പാലിയേറ്റീവ്, ഒ പി ടിക്കറ്റ്, ഒബ്‌സെർവഷൻ എന്നിവക്കുള്ള സൗകര്യങ്ങളും ഒന്നാം നിലയിൽ കൂട്ടിരിപ്പുകാർക്കുള്ള മുറി, ഡൈനിങ്ങ്, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വാർഡ്, പീഡിയാട്രിക് വാർഡ്, പ്ലേ ഏരിയ, ഒഫ്താൽമോളജി, ഒ പി, ഇമ്മ്യൂണൈസേഷൻ, അഡ്മിനിസ്ട്രേഷൻ ഓഫീസ് തുടങ്ങിയവയും വിഭാവനം ചെയ്‌തിട്ടുണ്ട്. കെട്ടിടത്തിന് തറ നലയിൽ 4535 മീറ്ററും ഒന്നാം നിലയിൽ 4535 ച. മീറ്ററുമായി ആകെ 9070 ച. മീറ്റർ വിസ്തീർണ്ണമാണുള്ളത്. കെട്ടിടം വൈദ്യുതീകരണത്തിനായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ വിശിഷ്ടാതിഥിയായി. പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലിജീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, വൈസ് പ്രസിഡണ്ട് നജീദ സാദിഖ്, സ്ഥിരം സമിതി അധ്യക്ഷരായ എം രതീഷ്, ഷിജി നടുപറമ്പിൽ, സി ഷിജു, അംഗം വി ശോഭ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, വൈസ് പ്രസിഡണ്ട് ജെസിമോൾ വാഴപ്പള്ളിൽ, എ ഡി എച്ച് എസ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, നബാർഡ് ഡിഡിഎം ജിഷിമോൻ രാജൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ മീരാഭായ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ ടി റോസമ്മ, കീഴ്പ്പള്ളി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date