Skip to main content

ജില്ലാ വികസന സമിതി കാര്‍ഷിക മേഖലയിലെ സൗജന്യ വൈദ്യുതി വിഛേദിക്കില്ല

കാര്‍ഷിക മേഖലയില്‍ കെ എസ് ഇ ബി നല്‍കി വരുന്ന സൗജന്യ വൈദ്യുതി കണക്ഷന്‍ കുടിശ്ശികയുടെ പേരില്‍ വിഛേദിക്കില്ലെന്ന് കൃഷി ഡയരക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കെ എസ് ഇ ബി ചീഫ് എഞ്ചിനീയറുമായി കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്്. ജില്ലയില്‍ 1.3 കോടി രൂപയാണ് കുടിശ്ശിക. കര്‍ഷകര്‍ക്ക് കെ എസ് ഇ ബി നോട്ടീസ് നല്‍കുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ല. സര്‍ക്കാര്‍ ഉടന്‍ പണമനുവദിക്കും. കുടിശ്ശിക തീര്‍ക്കും. കൃഷി ഡയരക്ടര്‍ അറിയിച്ചു.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിനുള്ള 7.88 ഏക്കര്‍ ഭൂമി നൂറ് രൂപ നിരക്കില്‍ 99 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കി മന്ത്രിസഭാ തീരുമാനം വന്നു. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും തലശ്ശേരി സബ് കലക്ടര്‍ സന്ദീപ്കുമാര്‍ യോഗത്തില്‍ അറിയിച്ചു.
തലശ്ശേരി സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ സി ആര്‍ സെഡ് അനുമതിക്കായുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിന് കിറ്റ് കോയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വകീരിക്കാന്‍ തലശ്ശേരി നഗരസഭാ സെക്രട്ടറിക്ക് യോഗം നിര്‍ദേശം നല്‍കി.
കോറളായി പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സംസ്ഥാന ഉന്നതല സമിതി അംഗം സ്ഥല പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചതായും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
മാഹി പാലത്തിന്റെ അറ്റകുറ്റപണിക്കുള്ള ടെണ്ടര്‍ ജനുവരി 13 ന് തുറക്കുമെന്നും തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ ചെയ്യുമെന്നും ദേശീയ പാത വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ഇംപ്രൂവ്‌മെന്റ് സ്‌കീമിന്റെ അലൈന്‍മെന്റ് ജനുവരി 21 ഓടെ അംഗീകരിക്കുമെന്നും തുടര്‍ന്ന് ടെണ്ടര്‍ നടപടികളിലേക്ക് പോകാനാവുമെന്നും കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയരക്ടര്‍ അറിയിച്ചു.
കാനായി മണിയറ വയല്‍ റോഡിലെ അണ്ടര്‍ പാസിന്റെ ഉയരം അഞ്ചര മീറ്ററായി ഉയര്‍ത്തുന്നത് സംബന്ധിച്ച് കെ ആര്‍ എഫ് ബി പ്രൊജക്റ്റ് ഡയരക്ടര്‍ സ്ഥലം സന്ദര്‍ശിച്ചതായും ബന്ധപ്പെട്ട ഏജന്‍സികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെ ആര്‍ എഫ്ബി എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി എ ഡി എം അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അമ്പത്തി ഒന്ന് സാമൂഹ്യ പഠന മുറികളിലും സ്ഥല സൗകര്യമുള്ള കമ്മ്യൂണിറ്റി ഹാളുകളിലും ലൈബ്രറി സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം പരിശോധിച്ച് വരുന്നതായി ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഡോ. വി ശിവദാസന്‍ എംപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ജനുവരിയില്‍ ഇതിനായി എം പി യുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എ ഡി എം കെ കെ ദിവാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍  നെനോജ് മേപ്പടിയത്ത്, എം പി, എം എല്‍ എ മാരുടെ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date