Skip to main content
തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ മൂന്ന് ഫ്ലാഗ്‌ ഓഫ് മുഖ്യാതിഥികൾ ചേർന്ന് നിർവഹിക്കുന്നു. സ്പീക്കർ എഎൻ ഷംസീർ സമീപം

പൈതൃകം വലംവെച്ച് തലശ്ശേരി ഹെറിറ്റേജ് റൺ

 

തലശ്ശേരി നഗരത്തിലെ പൈതൃക സ്മാരകങ്ങളെ വലംവെച്ചുള്ള ഹെറിറ്റേജ് റൺ - സീസൺ മൂന്ന് സമാപിച്ചു. പൈതൃക നഗരിയായ തലശ്ശേരിയിലെ പ്രധാന ചരിത്രസ്‌മാരകങ്ങളും ടൂറിസം കേന്ദ്രങ്ങളും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഹെറിറ്റേജ് റൺ സംഘടിപ്പിക്കുന്നത്. 18 കിലോമീറ്റർ ദൈർഘ്യമുള്ള സീസൺ മൂന്ന് റണ്ണിൽ 1500 ഓളം പേർ അണിനിരന്നു. വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച റൺ നിയമസഭ സ്പീക്കർ എഎൻ ഷംസീർ, കെ വി സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, നഗരസഭ അധ്യക്ഷ ജമുനറാണി ടീച്ചർ, ജില്ലാ കലക്ടര്‍ അരുൺ കെ വിജയൻ, സബ് കലക്ടർ സന്ദീപ് കുമാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷ വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളും കെനിയ്യൻ കായിക താരങ്ങൾ കൈയ്യടക്കി. സൈമൺ മൈവ നിവാങ്കി, ടിമൺ കിമുടൈ, കിസ്മോസ് കിപ്കോറിർ ബിവോട്ട് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിത വിഭാഗത്തിൽ പത്തനംതിട്ടയിലെ റീബ അന്ന ജോർജ്, എൻ പൗർണമി, എറണാകുളത്തെ ടി പി ആസ എന്നിവരും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 25,000, 10,000 രൂപ വീതം സമ്മാനം വിതരണം ചെയ്തു.
സീസൺ ഒന്നിൽ കേരളത്തിലുള്ളവർ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ സീസൺ രണ്ട് ആയപ്പോഴേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പങ്കാളിത്തമുണ്ടായി. ഇത്തവണ കെനിയക്കു പുറമേ ഘാന, സ്വീഡൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയും കായിക താരങ്ങൾ ഹെറിറ്റേജ് റൺ സീസൺ മൂന്നിന്റെ ഭാഗമായി.
തലശ്ശേരി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കോട്ട, സെൻറ് ജോൺ ആംഗ്ലിക്കൻ ചർച്ച്, ജവഹർഘട്ട്, പിക്‌ച്ചർ സ്ട്രീറ്റ്, ഫയർ ടാങ്ക് കുളം, കടൽപാലം, ഇന്ദിര പാർക്ക്, ചാലിൽ പി എച്ച് സി, ഹാർബർ റോഡ്, അറക്കളംമുക്ക്, ശ്രീ ജഗന്നാഥ ക്ഷേത്രം, സ്പോർട്ടിങ് അറീന, ശ്രീ രാമസ്വാമിക്ഷേത്രം, മഞ്ഞോടി, പുല്ലമ്പിൽ, കണ്ടിക്കൽ, എരഞ്ഞോളിപാലം, ചിരക്കര, ടൗൺഹാൾ, ബാങ്ക് ഓഡിറ്റോറിയം, മണവാട്ടി ജങ്ഷൻ, ലോഗൻസ് റോഡ്, അബ്‌ദുൽകലാം ജങ്ഷൻ, പഴയ ബസ് സ്റ്റാന്റ്, ഒ.വി. റോഡ്, സംഗമം ജംഗഷൻ, ഗുഡ്‌ഷെഡ് റോഡ്, കുയ്യാലി, കൊടുവള്ളി സ്‌കൂൾ, കോഓപ്പ്. ഹോസ്‌പിറ്റൽ ജങ്ഷൻ, ഗസ്റ്റ് ഹൗസ്, ജോസ്‌ഗിരി, കോടതി, ട്രഷറി, സ്റ്റേഡിയം പള്ളിവഴി സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. അടുത്ത വർഷം ഒന്നാംസ്ഥാനം നേടുന്ന പുരുഷ-സ്ത്രീ വിഭാഗക്കാർക്ക് ഒരുലക്ഷം രൂപ വീതം സമ്മാനം നൽകുമെന്ന് ഫാദിൽ ഗ്രൂപ്പ് ചെയർമാൻ കെഎസ്എ അബ്ദുൽലത്തീഫ് സദസിൽ പ്രഖ്യാപിച്ചു.

date