Skip to main content

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണകപ്പ് ഘോഷയാത്രയ്ക്ക് പട്ടാമ്പിയിൽ സ്വീകരണം വിദ്യാർത്ഥികളുടെ സാംസ്കാരിക പ്രവർത്തനത്തിന്റെ അടയാളമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ

62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്വർണകപ്പ് ഘോഷയാത്രക്ക് പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. മുഹമ്മദ്‌ മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ ഏറ്റവും മികച്ച സാംസ്കാരിക പ്രവർത്തനത്തിന്റെ അടയാളം കൂടിയാണെന്ന് എം.എൽ.എ. പറഞ്ഞു. കലോത്സവത്തിൽ ഈ വർഷം പാലക്കാട് വിജയികളാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

മലപ്പുറത്ത് നിന്ന് പാലക്കാട് ജില്ലയിലേക്ക് എത്തിച്ച സ്വർണ്ണക്കപ്പ് കൊപ്പത്ത് നരിപറമ്പ ജി.യു.പി.എസിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി മനോജ് കുമാർ മലപ്പുറം അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് അഷറഫ് പെരുമ്പള്ളിയി നിന്ന് ഏറ്റുവാങ്ങിയ ശേഷമാണ് പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകിയത്. തുടർന്ന് ചെറുതുരുത്തി ഗവ ഹൈസ്കൂളിൽ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷാജിമോന് സ്വർണകപ്പ് കൈമാറി. സ്വർണകപ്പ് ഘോഷയാത്ര നാളെ(ജനുവരി 3) വൈകിട്ട് ഇത്തവണത്തെ കലോത്സവ വേദിയായ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചേരും.

പരിപാടിയിൽ പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ആനന്ദവല്ലി, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ പി.വി മനോജ് കുമാർ, പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ. വിജയൻ, പ്രധാനധ്യാപിക ടി. രാധ, പി.ടി.എ പ്രസിഡന്റ് കെ.എം.എ ജലീൽ, എ.ഇ.ഒമാർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി വിദ്യാർത്ഥികൾ, പട്ടാമ്പി സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ബാൻഡ് തുടങ്ങിയവർ പങ്കെടുത്തു.

date