Skip to main content
 കിടങ്ങാംപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

 കിടങ്ങാംപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ : നഗരസഭ പ്രാഥമിക ചികിത്സയ്ക്ക് നഗരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കിടങ്ങാംപറമ്പ് നഗര ആരോഗ്യ കേന്ദ്രം ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍ നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. കെ. ജയമ്മ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി അദ്ധ്യക്ഷ എ.എസ്. കവിത മുഖ്യപ്രഭാഷണം നടത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ഫണ്ടില്‍ കിടങ്ങാംപറമ്പ്  വാര്‍ഡില്‍ സഹൃദയ ഹോസ്പിറ്റലിനു സമീപം നിര്‍മ്മാണം പൂര്‍ത്തീകരിച്ച നഗര ആരോഗ്യ കേന്ദ്രത്തില്‍ ജനറല്‍ ഒ.പി, ലബോറട്ടറി ക്ലിനിക്, ജീവിതശൈലി രോഗ നിര്‍ണ്ണയ ക്ലിനിക്, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി ആന്‍റിനേറ്റല്‍ ക്ലിനിക് , എന്നിവകൂടാതെ രോഗവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷ്യലൈസ്ഡ് ഡോക്ടറുമായി ടെലീ കമ്മ്യൂണിക്കേഷന്‍ സൗകര്യവും ഗുരുതര രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിച്ച് പ്രാഥമിക ചികിത്സയും തുടര്‍ ചികിത്സക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും  തുടര്‍ ചികിത്സ ലഭ്യമാകുന്നു എന്നു ഉറപ്പുവരുത്തുന്നതിനുമുള്ള സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ആലപ്പുഴ നഗരസഭയുടെ വിവിധ വാര്‍ഡുകളിലായി 12 ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് സെന്‍ററുകളാണ്  ആരംഭിക്കുന്നത്. കിടങ്ങാംപറമ്പിനു പുറമെ ഇരവുകാട്, വഴിച്ചേരി, വാടക്കനാല്‍,  വലിയമരം, എന്നീ കേന്ദ്രങ്ങളിലെ നഗരാരോഗ്യ കേന്ദ്രങ്ങള്‍ ജനുവരി മാസം തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.
ഉച്ചക്ക് ഒരു മണി മുതല്‍ ഏഴ് മണിവരെ ഒ പി സമയം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കില്‍ ഒരു  ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ഫാര്‍മസിസ്റ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, എന്നിവരെയാണ് പ്രാഥമിക ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ആരോഗ്യ സംരക്ഷണത്തിനായുള്ള യോഗ പരിശീലനം, ഹെല്‍ത്ത് ഫിറ്റ്നെസ് സെന്‍ററുകളുടെ സേവനവും, കൂടുതല്‍ സ്പെഷ്യാലിറ്റി ക്ലിനിക്കുകളും നഗരാരോഗ്യ ക്ലിനിക്കുകളുടെ കീഴില്‍ തുടര്‍ന്ന് സജ്ജമാക്കും.
കിടങ്ങാംപറമ്പ് സഹൃദയ ഹോസ്പിറ്റലിനു സമീപം നടന്ന ഉദ്ഘാടന ചടങ്ങില്‍ ആലപ്പുഴ നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആര്‍. പ്രേം, എം.ജി. സതീദേവി, നസീര്‍പുന്നക്കല്‍, കൗണ്‍സിലരമാരയ കെ. ബാബു, സൗമ്യരാജ്, ഡി.പി. മധു, ഹെല്‍ത്ത് ഓഫീസര്‍ കെ.പി. വര്‍ഗ്ഗീസ്, എൻ.എച്ച്.എം കോ- ഓര്‍ഡിനേറ്റര്‍മാരായ പ്രവീണ, ലാറ തുടങ്ങിയവര്‍  പങ്കെടുത്തു.

date