Skip to main content

പിറവം നവകേരള സദസ്: വികസന കാര്യത്തില്‍ സംസ്ഥാനം വളരെയധികം മുന്നില്‍: മന്ത്രി പി. പ്രസാദ്

 

വികസന കാര്യത്തില്‍ സംസ്ഥാനം വളരെയധികം മുന്നിലാണെന്നും ഇനിയും മുന്നോട്ട് തന്നെയെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. പിറവം മണ്ഡലതല നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന കാര്യങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച നവകേരള സദസ്സ് പിറവം എം.എല്‍.എ. ബഹിഷ്‌കരിച്ചുവെങ്കിലും ജനങ്ങള്‍ ഏറ്റെടുത്തുവെന്നത് സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. അതി ദാരിദ്ര്യ കുടുംബങ്ങള്‍ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. 2025 ല്‍ ഒരു അതി ദാരിദ്ര്യകുടുംബം പോലും സംസ്ഥാനത്ത് ഉണ്ടാകുകയില്ല. ഇതിന്റെ ഭാഗമായാണ് അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ഭവന രഹിതര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നല്‍കിയത്. മറ്റൊരു ഇന്ത്യന്‍ സംസഥാനത്തിനും ഇത്തരമൊരു നേട്ടമില്ലെന്ന് മന്ത്രി പറഞ്ഞു. 

കാര്‍ഷിക മേഖലയിലെ വികസനം ലക്ഷ്യമിട്ട് 10,000 കൃഷി കൂട്ടങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും 20,000 കൃഷി കൂട്ടങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്. മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിനും കേരളം പ്രോത്സാഹനം നല്‍കുന്നുണ്ട്. കേന്ദ്രത്തിന്റെ സഹായമില്ലാതെ തന്നെ റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി 1950 കോടി രൂപയാണ്  സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് 5000 കോടി രൂപ ചെലവാക്കിയപ്പോള്‍
ക്ലാസ് മുറികള്‍  സ്മാര്‍ട്ടായി, സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങളുമായി. വികസനത്തോടൊപ്പം സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

date