Skip to main content

എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

 

പിറവത്ത് 400 കോടി രൂപയുടെ പദ്ധതികള്‍

എല്ലാ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പിറവം നിയോജക മണ്ഡലതല നവകേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയില്‍ മാത്രം 2716 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്കാണ് അനുമതി നല്‍കി യാഥാര്‍ഥ്യമാക്കുന്നത്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പിറവത്ത് 400 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

ജല്‍ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ വഴി ഓരോ കുടുംബത്തിനും കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ 17 ലക്ഷത്തില്‍ നിന്ന് 36 ലക്ഷത്തിലേക്ക് ഗ്രാമീണ കുടിവെള്ള കണക്ഷനുകളുടെ എണ്ണം ഉയര്‍ത്താന്‍ കഴിഞ്ഞു. ഇനി അവശേഷിക്കുന്നവര്‍ക്കും സമയബന്ധിതമായി കണക്ഷനുകള്‍ നല്‍കും.

സമഗ്രമായ വികസന നേട്ടങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം 
ലോകോത്തരമാക്കി മാറ്റാന്‍ സാധിച്ചു.  അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമേ ഉയര്‍ന്ന അക്കാദമിക നിലവാരവും ഉറപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുടനീളം നവ കേരള സദസ്സിലേക്ക് അല്‍ഭുതാവഹമായ ജനപ്രവാഹമാണ്  ഉണ്ടായത്. പിറവത്തും സ്ഥിതി വ്യത്യസ്തമല്ല. ഒരു മന്ത്രിസഭ ആകെ ജനങ്ങളിലേക്ക് ഇറങ്ങിവരുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

date