Skip to main content

കേരളത്തിലാകെ വലിയ വികസനം സാധ്യമായി: മന്ത്രി കെ.എൻ ബാലഗോപാൽ

 

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം വലിയ വികസനം സാധ്യമായിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. തൃപ്പൂണിത്തുറ മണ്ഡലത്തിലെ നവകേരള സദസ്സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സംസ്കാരിക ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള തൃപ്പൂണിത്തറയിൽ നവ കേരള സദസ്സ്   എത്തിനിൽക്കുമ്പോൾ 139 മണ്ഡലങ്ങളിലും നവ കേരളത്തിന്റെ സന്ദേശം എത്തിക്കാൻ കഴിഞ്ഞു. 

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് ജനാധിപത്യത്തിന്റെ പുത്തൻ അനുഭവമായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ വൻമാറ്റങ്ങൾ നടപ്പിലാക്കി ഒരു കേരള മോഡൽ സൃഷ്ടിക്കുകയാണ് സംസ്ഥാനം.  ലോകത്തിൽ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ജീവിക്കാൻ കഴിയുന്ന ഒരു സംസ്ഥാനമായി കേരളം മാറി. 

നല്ല റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യ വികസനം,  കെട്ടിടങ്ങൾ, പാലങ്ങൾ, രാജ്യാന്തര നിലവാരത്തിൽ തുറമുഖങ്ങൾ തുടങ്ങി കേരളത്തിൽ സർവ്വമേഖലകളിലും വലിയ മുന്നേറ്റം സർക്കാർ സാധ്യമാക്കി.  ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികൾ ഇന്ന് കേരളത്തിൽ ഉണ്ട്. 

സാമൂഹ്യ ക്ഷേമ പെൻഷൻ,  കാരുണ്യ ചികിത്സ, ലൈഫ്  മിഷൻ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നേറുകയാണ്. കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും സാധാരണക്കാരുടെ ജീവിതം സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

date