Skip to main content

എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

 

എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലതല നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന മേഖല ഓരോ ദിവസവും വികസിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ കേരളം അതുല്യമായ സ്ഥാനം കൈവരിച്ചിരിക്കുന്നു. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടല്‍ ഈ മേഖലയില്‍ പ്രതിഫലിക്കുന്നുണ്ട്.  രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ അവയവ മാറ്റ ശസ്ത്രക്രിയ, ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി എന്നിവ നടത്തിയത് കേരളത്തിലാണ്.  ആരോഗ്യ സൂചികകളിലും കേരളം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. മാതൃ- ശിശു മരണ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബ് തുടങ്ങുവാന്‍ കഴിഞ്ഞതും അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

കിഫ്ബിയിലൂടെ കേരളത്തിന്റെ പല വികസന പദ്ധതികളും യാഥാര്‍ഥ്യമായി. ദേശീയ പാത വികസനം, തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവ കേരളത്തിന്റെ വികസന മാതൃകകളില്‍ എടുത്തു പറയേണ്ടതാണ്. കേരളത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കേന്ദ്രം ഉള്‍പ്പെടെ തടഞ്ഞു വയ്ക്കുമ്പോഴും  ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷക്കാലയളവില്‍ പ്രൈമറിതലം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. 62 ലക്ഷം പേര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ വിതരണം ചെയ്തു വരുന്നു. ലൈഫ് മിഷനിലൂടെ ഭവന രഹിതരുടെ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാനായി. ഭരണഘടന ഉറപ്പുനല്‍കുന്ന ക്രമസമാധാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലായി അനുഭവേദ്യമാണെന്നും മന്ത്രി പറഞ്ഞു.

date