Skip to main content

അതിദാരിദ്ര്യമില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാകുന്നു: മന്ത്രി വി.എന്‍ വാസവന്‍

 

സംസ്ഥാനത്ത് നിന്ന് അതിദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലതല നവകേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ 66,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യം അനുഭവിക്കുന്നവരായി കണ്ടെത്തിയിരുന്നത്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

പാലങ്ങളും റോഡുകളും കെട്ടിടങ്ങളും മാത്രമല്ല ഒരു നാടിന്റെ വികസനമെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഇത്തരം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നാല് ലക്ഷത്തില്‍ പരം വീടുകളാണ് യാഥാര്‍ത്ഥ്യമായത്.

പൊതുവിദ്യാഭ്യാസ രംഗത്തിന് പുറമേ ഉന്നത വിദ്യാഭ്യാസരംഗത്തും മികവാര്‍ന്ന നേട്ടങ്ങളാണ്  സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സ്റ്റി സ്ഥാപിതമായത് കേരളത്തിലാണ്. മികച്ച അടിസ്ഥാന സൗകര്യ വികസനമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരുക്കി വരുന്നത്. വ്യവസായ രംഗത്തും വന്‍ കുതിച്ചുചാട്ടം സാധ്യമായി. സംരംഭക വര്‍ഷം പദ്ധതിയിലൂടെ രണ്ട് ഘട്ടങ്ങളിലായി ഇതുവരെ രണ്ടു ലക്ഷത്തോളം സംരംഭങ്ങളാണ് ആരംഭിച്ചത്. നഷ്ടത്തിലായിരുന്ന 26 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി.

വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്നതോടെ വലിയ വികസന സാധ്യതകളാണ് തുറക്കുന്നത്. ലോകത്തെ മികച്ച പത്ത് തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം മാറുമെന്നും അദ്ദേഹം പറഞ്ഞു.

date