Skip to main content
ലൈഫ് പദ്ധതിയുടെ ഭാഗമായി കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ പൂർത്തിയാക്കിയ നാൽപ്പത് ഭവനങ്ങളുടെ താക്കോൽ കൈമാറൽ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കുന്നു

ലൈഫ്: ജനകീയ പങ്കാളിത്തം കൂടി വേണം -സ്പീക്കര്‍ എ എന്‍ ഷംസീര്‍ കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ 40 വീടുകളുടെ താക്കോല്‍ കൈമാറി

 

ലൈഫ് ഭവന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ ജനങ്ങളുടെ കൂടി പങ്കാളിത്തമുണ്ടാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 40 വീടുകളുടെ താക്കോല്‍ കൈമാറല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പങ്കാളികളാക്കി എങ്ങനെ ആസൂത്രണം ചെയ്യാം എന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആലോചിക്കണം. ജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തിയും വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവരുടെ സഹായങ്ങള്‍ ഉപയോഗപ്പെടുത്തി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനും ഭവന നിര്‍മ്മാണത്തിനായുള്ള സഹായങ്ങള്‍ സമാഹരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം കൊടുക്കണം. ഇതിലൂടെ കണ്ണപുരം പഞ്ചായത്തിലടക്കം ബാക്കിയുള്ള ഭവനങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടൊപ്പം മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ നടപ്പിലാക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ ഇതുവരെയായി ആകെ 80 ലൈഫ് ഭവനങ്ങളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്. ഇതിനായി 2.8 കോടി രൂപ ഇതിനകം ചെലവഴിച്ചു. ഇവയില്‍ പൂര്‍ത്തിയായ 40 ഭവനങ്ങളുടെ താക്കോല്‍ കൈമാറലാണ് സ്പീക്കര്‍ നിര്‍വ്വഹിച്ചത്. അതിദരിദ്ര വിഭാഗത്തില്‍ ഒന്ന്, എസ് സി വിഭാഗത്തില്‍ ഏഴ്, മത്സ്യ ബന്ധന മേഖലയില്‍ അഞ്ച്, ജനറല്‍ വിഭാഗത്തില്‍ 27 പേരും ഉള്‍പ്പെടുന്നു.
കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വി ഇ ഒ നളിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രന്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ വി പ്രഭാകരന്‍, പഞ്ചായത്തഗം ഒ മോഹനന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ രാജന്‍ മാസ്റ്റര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി രാജസുന്ദരന്‍, കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്‍ ശ്രീധരന്‍, മുന്‍ കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ദിവാകരന്‍, വി കെ വിജയന്‍, സന്തോഷ് വള്ളുവന്‍ കടവ് എന്നിവര്‍ സംസാരിച്ചു.

date