Skip to main content

സമുദ്രമത്സ്യമേഖലയുടെ വികസനത്തിന് കേന്ദ്രവും തീരദേശ സംസ്ഥാനങ്ങളും കൈകോർക്കുന്നു

 

നീതി ആയോ​ഗ് ഉന്നതതല ദേശീയ ശിൽപശാല ജനുവരി 5ന്  കൊച്ചിയിൽ

നീതി ആയോ​ഗ് വൈസ്ചെയർമാൻ സുമൻ ബെറി, നീതി ആയോ​ഗ് അം​ഗം പ്രൊഫ. രമേശ് ചന്ദ്, കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെയും വിവിധ തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പിലെയും ഉന്നതതല പ്രതിനിധികൾ, വ്യവസായ പ്രമുഖർ, ​ഗവേഷകർ എന്നിവർ പങ്കെടുക്കും

കൊച്ചി: സമുദ്രമത്സ്യമേഖലയിലെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിന് നീതി ആയോ​ഗിന്റെ നേതൃത്വത്തിൽ കേന്ദ്ര-തീരദേശ സംസ്ഥാനങ്ങൾ കൈകോർക്കുന്നു. വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ സംയുക്തമായി ചർച്ച ചെയ്യാനും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി ഉന്നതതല ദേശീയ ശിൽപശാല  ജനുവരി 5ന് കൊച്ചിയിൽ നടക്കും. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെയും തീരദേശ സംസ്ഥാനങ്ങളിലെയും ഉന്നതതല ഉദ്യോ​ഗസ്ഥർ ഒരു കുടക്കീഴിൽ വരുന്ന ശിൽപശാല നീതി ആയോ​ഗ്, കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായാണ്  സംഘടിപ്പിക്കുന്നത്.

സിഎംഎഫ്ആർഐയിൽ നടക്കുന്ന ശിൽപശാലയിൽ നീതി ആയോ​ഗ് വൈസ്ചെയർമാൻ സുമൻ ബെറി,  നീതി ആയോ​ഗ് അം​ഗം പ്രൊഫ. രമേശ് ചന്ദ്,  തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് സെക്രട്ടറിമാർ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ നയരൂപീകരണ വിദ​ഗ്ധർ, വ്യവസായ പ്രമുഖർ, ​ഗവേഷകർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം പങ്കെടുക്കും.

കേരളത്തിന് പുറമെ, പശ്ചിമ ബം​ഗാൾ, ഒഡീഷ, ​ഗുജറാത്ത്, മഹാരാഷ്ട്ര, ​ഗോവ, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ തീരദേശ സംസ്ഥാനങ്ങളും ആൻഡമാൻ-നിക്കോബാറും ദേശീയ ശിൽപശാലയിൽ പങ്കെടുക്കും. സമുദ്രമത്സ്യമേഖലയിലെ നിലവിലെ സ്ഥിതി​ഗതികൾ ഓരോ സംസ്ഥാനങ്ങളും പങ്കവെക്കും. വെല്ലുവിളികളും പരിഹാരമാർ​ഗങ്ങളും ചർച്ച ചെയ്യും. സുസ്ഥിരവളർച്ചയ്ക്കാവശ്യമായ ഭാവിപദ്ധതികൾക്ക് ശിൽപശാല രൂപം നൽകും. 

ഫിഷറീസ് സർട്ടിഫിക്കേഷൻ, വ്യാപാരബന്ധം, കയറ്റുമതി, മത്സ്യബന്ധന-സീഫുഡ് വ്യവസാ മേഖലകളിലെ പ്രശ്നങ്ങൾ തുടങ്ങിയവയും ചർച്ച ചെയ്യും. 

സമുദ്രമത്സ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവസരങ്ങൾ മുതലാക്കുന്നതിനും കൂട്ടായ ശ്രമങ്ങളും പരസ്പരസഹകരണവുമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ഏകോപിപ്പിച്ച് നടത്തുന്ന ചർച്ച ലക്ഷ്യമിടുന്നത്. 
 

date