Skip to main content
ഗുരുവായൂർ മണ്ഡലം ജൽജീവൻ മിഷൻ അവലോകന യോഗം ചേർന്നു

ഗുരുവായൂർ മണ്ഡലം ജൽജീവൻ മിഷൻ അവലോകന യോഗം ചേർന്നു

ഗുരുവായൂർ മണ്ഡലം ജൽജീവൻ മിഷൻ അവലോകന യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. ജൽജീവൻ മിഷൻ പ്രവൃത്തികൾക്കായി പൊളിച്ച റോഡുകൾ അടിയന്തരമായി പുനർ നിർമ്മിക്കാൻ എം എൽ എ നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  നവീകരണ ഫണ്ട് വിനിയോഗിച്ച് പുനർ നിർമ്മിക്കേണ്ട റോഡുകൾ ജനുവരി 30 നകവും മറ്റു റോഡുകൾ ഫെബ്രുവരി 15 നകവും പൂർത്തികരിക്കാൻ നിർദ്ദേശിച്ചു. 

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പ് മാറ്റുന്നത് ചർച്ച ചെയ്യുന്നതിന് എൻഎച്ച് ഐ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ  ഉൾപ്പെടുത്തി ജനുവരി 11 ന് പ്രത്യേക യോഗം ചേരും.  വട്ടേക്കാട്, ഒരുമനയൂർ തങ്ങൾപ്പടി കുടിവെള്ള പദ്ധതികൾക്കായുള്ള ടാങ്ക്  നിർമാണം അടിയന്തരമായി ആരംഭിക്കാൻ തീരുമാനിച്ചു. ജൽജീവൻ  മിഷൻ പ്രവൃത്തികൾ  തദ്ദേശ സ്വയംഭരണ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കണം എന്നും എം എൽ എ നിർദ്ദേശം നൽകി.  

ജൽജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ പൊളിച്ച റോഡുകൾ പുനരുദ്ധീകരിക്കാൻ ആവശ്യമായ ഫണ്ട് ധനകാര്യ കമ്മീഷൻ ടൈഡ്  ഗ്രാൻ്റിൽ നിന്നും ലഭ്യമാക്കി പ്രവർത്തി ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ  നൽകുന്നതിന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. 

ചാവക്കാട് പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി വി സുരേന്ദ്രൻ, വിജിത സന്തോഷ്, ജാസ്മിൻ ഷെഹീർ, ഗീതു കണ്ണൻ, എം എൻ കെ നബീൽ, വാട്ടർ അതോറിറ്റി എക്സി.എഞ്ചിനീയർ സുരേന്ദ്രൻ,  പൊതുമരാമത്ത് വകുപ്പ് , വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date