Skip to main content

ഹെല്‍ത്തി കിഡ്സ് പദ്ധതിക്ക് പട്ടിക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ തുടക്കമാകുന്നു

- ഉദ്ഘാടനം ജനുവരി 5 ന് റവന്യൂ മന്ത്രി നിര്‍വഹിക്കും

പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെല്‍ത്തി കിഡ്സിന് 
പട്ടിക്കാട് ഗവ. എല്‍.പി. സ്‌കൂളില്‍ തുടക്കമാകുന്നു. ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ജനുവരി 5 ന് ഉച്ചയ്ക്ക് 2.30ന് പട്ടിക്കാട് ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. 

പൂര്‍ണ കായിക ക്ഷമതയുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം ശരിയായ ശരീര വളര്‍ച്ചയ്ക്ക് അഭികാമ്യമായ കായിക പ്രവര്‍ത്തനങ്ങള്‍ എല്‍ പി തലം മുതല്‍ തുടങ്ങുകയാണ് പദ്ധതി ലക്ഷ്യം. ഓണ്‍ലൈന്‍ കളിയുടെ ചാരുതയോടുകൂടി കായിക പ്രവര്‍ത്തനങ്ങളിലൂടെ മാത്രം ഫലം പ്രാപ്യമാക്കുന്ന രീതിയിലുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് ഗെയിം റൂം, കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് കൂടുതല്‍ ഉത്സാഹവും ഉണര്‍വും വിനോദങ്ങളിലൂടെ ലഭിക്കുന്ന പരിപാടികള്‍, ഓരോ അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ പരിശീലനം, കുട്ടികളുടെ ദിവസേനയുള്ള പ്രവര്‍ത്തന മികവ് അറിയാനായി റിയല്‍ ടൈം ഓണ്‍ലൈന്‍ പരിശീലനം തുടങ്ങിയവ പദ്ധതിയുടെ പ്രത്യേകതയാണ്.

കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്.സി.ഇ.ആര്‍.ടി. വികസിപ്പിച്ച പദ്ധതിയാണ് ഹെല്‍ത്തി കിഡ്‌സ്.

date