Skip to main content

അരിമ്പൂരില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് സജ്ജമായി

ജനുവരി 6 ന് വൈദ്യുതി മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന സംരംഭത്തിന് അരിമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമാകുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ നാടിനായി പഞ്ചായത്ത് ഒരുക്കിയ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് ജനുവരി 6 ന് വൈകീട്ട് മൂന്നിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷനാകും. ടി എന്‍ പ്രതാപന്‍ എം പി മുഖ്യാതിഥിയാവും.  

മികവാര്‍ന്ന ആസൂത്രണത്തോടെ സൗരോര്‍ജ്ജ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും അനുബന്ധ കെട്ടിടമായ കുടുംബശ്രീ ഓഫീസിലുമായാണ് സോളാര്‍ പ്ലാന്റ് ഒരുക്കിയിരിക്കുന്നത്. ഇരുകെട്ടിടങ്ങളിലായി 102 പാനലുകള്‍ സ്ഥാപിച്ച് 55 കിലോവാട്ട് വൈദ്യുതി ദിനംപ്രതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 

2022-23 വര്‍ഷ കാലത്തെ മുഴുവന്‍ തുകയായ 46,81500 രൂപ ചെലവഴിച്ച് അനര്‍ട്ട് മുഖേന തൃശൂരിലെ ബിങ്കാസ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സോളാര്‍ സിസ്റ്റം സ്ഥാപനമാണ് നിര്‍മ്മാണം. ഇതോടെ ജില്ലയില്‍ തന്നെ ഒരു പഞ്ചായത്ത് അനുബന്ധ ഓഫീസ് കെട്ടിടങ്ങളില്‍ ഒരുക്കുന്ന ഏറ്റവും വലിയ ഊര്‍ജ്ജ ഉല്‍പാദന പഞ്ചായത്തായി മാറുകയാണ് അരിമ്പൂര്‍. 

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വി എന്‍ സുര്‍ജിത്ത്, ജിമ്മി ചൂണ്ടല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവകുമാര്‍,  തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സിദ്ദിഖ്, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം എ ഷാജു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date