Skip to main content

കോകോ ഫിലിം ഫെസ്റ്റിന് ഇന്ന് (വെള്ളി) തുടക്കം; കുമ്മാട്ടിയും ചാരുലതയും മുതൽ ഡോക്ടർ ഷിവാഗോയും പാസ്സേജ് ടു ഇന്ത്യയും വരെ

 

ചലച്ചിത്രോത്സവം യുനെസ്കോ സാഹിത്യനഗരമെന്ന ഖ്യാതിയിൽ 

യുനെസ്കോയുടെ സാഹിത്യനഗരമെന്ന ഉന്നത അംഗീകാരം ലഭിച്ച കോഴിക്കോടിന്റെ ഖ്യാതി ഉയർത്തിപ്പിടിച്ച് 
കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന
കോകോ ഫിലിം ഫെസ്റ്റിന് ഇന്ന് (ജനുവരി 5) തിരശ്ശീലയുയരും. ജനുവരി 11 വരെയുള്ള ചലച്ചിത്രോത്സവത്തിൽ ജി അരവിന്ദന്റെ കുമ്മാട്ടിയും റേയുടെ ചാരുലതയും മുതൽ ഡേവിഡ് ലീനിന്റെ എ പാസ്സേജ് ടു ഇന്ത്യ, ഡോക്ടർ ഷിവാഗോ, കുറോസവയുടെ ത്രോൺ ഓഫ് ബ്ലഡ്‌ ഉൾപ്പെടെ പ്രദർശിപ്പിക്കും. 

ശ്രീ തിയ്യറ്ററിലും 
ശ്രീ തിയ്യറ്റർ കോമ്പൗണ്ടിലുള്ള വേദി മിനി തിയ്യറ്ററിലുമായിട്ടാണ് നാൽപ്പതോളം സിനിമകൾ പ്രദർശിപ്പിക്കുക. സംസ്ഥാന ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയിൽ പ്രദർശനം സൗജന്യമാണ്. 

കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സംഭാവനകളായ മലയാള ചിത്രങ്ങളാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം ലഭിച്ച 
സിനിമകളും കാണിക്കും.  

ഇന്ന് (വെള്ളി) വൈകുന്നേരം 4.30 ന് 
ശ്രീ തിയ്യറ്ററിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. മുതിർന്ന ഫിലിം സൊസൈറ്റി പ്രവർത്തകൻ ചെലവൂർ വേണുവിനെ പരിപാടിയിൽ ആദരിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി, വി എം വിനു, ഷാജോൺ കാര്യാൽ, സുധി കോഴിക്കോട്, ദീദി ദാമോദരൻ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 3.30 മുതൽ പെൺപാട്ടുകൂട്ടത്തിന്റെ ഗാനമേള, മഴവിൽവസന്തം ഉണ്ടായിരിക്കും. 

മേളയിലെ സിനിമകൾ: 

മലയാളം 

മതിലുകൾ, നീലക്കുയിൽ, ഭാർഗവീനിലയം, ഉത്തരായണം, നിർമ്മാല്യം, ഒരു വടക്കൻ വീരഗാഥ, ഓപ്പോൾ, 1921, ഓളവും തീരവും, വാസ്തുഹാര, ഒറ്റാൽ, രുഗ്മിണി, കുമ്മാട്ടി, ചെമ്മീൻ, പെരുമഴക്കാലം, ഒരേ കടൽ, അനുഭവങ്ങൾ പാളിച്ചകൾ, വിധേയൻ.

വിദേശ സിനിമകൾ

 ത്രോൺ ഓഫ് ബ്ലഡ്‌, ദിസ് ഈസ്‌ നോട്ട് എ ബറിയൽ, ഇറ്റ്സ് എ റീസറക്ഷൻ, എ പാസ്സേജ് ടു ഇന്ത്യ, പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറർ, ഡോക്ടർ ഷിവാഗോ, ക്ലാര സോള, ക്ലാഷ്, ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്, ദി ജാപ്പനീസ് വൈഫ്, എൻഡ്ലെസ്സ് പോയട്രി, ദി പിയാനോ ടീച്ചർ, ബ്ലൈന്റ്നെസ്സ്, പോർട്രൈറ്റ് ഇൻ എ സീ ഓഫ് ലൈസ്, എബൗട്ട്‌ എല്ലി.

മറ്റ് ഇന്ത്യൻ സിനിമകൾ

ചാരുലത, ഫിൽമിസ്താൻ. 

എല്ലാ ദിവസവും വൈകീട്ട് 4.45 നാണ് ഓപ്പൺ ഫോറം. 11ന് വൈകുന്നേരം 4.30നാണ് സമാപനചടങ്ങ്.

അശ്വനി ഫിലിം സൊസൈറ്റി, ബാങ്ക്‌മെൻസ് ഫിലിം സൊസൈറ്റി എന്നിവയും മേളയുമായി സഹകരിക്കുന്നു. 

സിനിമ കാണാൻ www.kocofilmfest. eventupdates.online എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

date