Skip to main content
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കായി  ആരംഭിച്ച 'ഉന്നതി' നൈപുണ്യ വികസന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

'ഉന്നതി' നൈപുണ്യ വികസന പരിശീലനം

 

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ആരംഭിച്ച 'ഉന്നതി' നൈപുണ്യ വികസന പരിശീലന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. ആദ്യഘട്ടത്തിൽ ഭക്ഷ്യ ഉത്പ്പന്ന നിർമ്മാണത്തിലാണ് 28 വനിതകൾക്ക് പത്ത് ദിവസത്തെ പരിശീലനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപിദാസ്, ജോളി മടുക്കക്കുഴി, ഷക്കീലാ നസീർ,രത്‌നമ്മ രവീന്ദ്രൻ,കെ.എസ് എമേഴ്‌സൺ, പി.കെ. പ്രദീപ്, ടി.ജെ. മോഹനൻ, ജൂബി അഷറഫ്, മാഗി ജോസഫ്, ഡാനി ജോസ്, അനു ഷിജു, വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ ,ജോയിന്റ് ബി.ഡി.ഒ. ടി.ഇ. സിയാദ്, മാസ്റ്റർ ട്രൈനർ അജയ് ശങ്കർ എന്നിവർ പങ്കെടുത്തു.  

'ഉന്നതി'നൈപുണ്യ വികസന പദ്ധതിയിലൂടെ  ഫുഡ് പ്രോസസിംഗ്, പേപ്പർ ക്യാരിബാഗ് നിർമ്മാണം മൊബൈൽ ഫോൺ റിപ്പയറിംഗ്, ബ്യൂട്ടിഷൻ കോഴ്‌സ്,തയ്യൽ പരിശീലനം,സോഫ്റ്റ് വെയർ ഡെവലപ്പമെന്റ് എന്നിങ്ങനെയുള്ള വിവിധ തൊഴിൽ മേഖലകളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിശീലനം നൽകുന്നത്. ഇവരുടെ കുടുംബാംഗങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. സൗജന്യമായാണ് പരിശീലനം. തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുക. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിദിനം 333 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും.

ആർ.എസ്.ഇ.ടി.ഐ (റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് )ആണ് പരിശീലനം നൽകുന്നത്.തൊഴിൽ മേഖലകളിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൈപുണ്യ വികസന പരിശീലനം നൽകി കാര്യശേഷി വർദ്ധിപ്പിച്ച് ഉത്പാദന ക്ഷമതയും ഗുണമേന്മയും വർദ്ധിപ്പിക്കുന്നതിനും സ്വയംതൊഴിൽ സംരംഭകരാക്കുകയുമാണ് 'ഉന്നതി' പരിശീലന പരിപാടിയുടെ ലക്ഷ്യം.        

                                 

 

 

date