Skip to main content

ഡിജിറ്റൽ സർവ്വെ: രേഖകൾ പരിശോധിക്കാം

 

എറണാകുളം ജില്ലയിൽ കൊച്ചി താലൂക്കിൽപ്പെട്ട ഫോർട്ടുകൊച്ചി വില്ലേജിൽ ഉൾപ്പെട്ടു വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവ്വെ 'കേരള സർവ്വെയും അതിരടയാളവും ആക്ട് 9(1)" പ്രകാരം പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സർവ്വെ റിക്കാർഡുകൾ എന്റെ ഭൂമി പോർട്ടലിലും ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിന് സമീപമുള്ള പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രം ഹാളിൽ പ്രവർത്തിച്ചു വരുന്ന ഡിജിറ്റൽ സർവ്വെ ക്യാമ്പ് ഓഫീസിലും ജനുവരി എട്ടു മുതൽ പ്രദർശിപ്പിക്കും. ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് റിക്കാർഡുകൾ പരിശോധിക്കാവുന്നതാണ്. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in എന്ന പോർട്ടലിൽ സന്ദർശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകൾ ഓൺലൈനായും പരിശോധിക്കാം. 

1 മുതൽ 1177 വരെ, കൊച്ചി കോർപറേഷൻ ഡിവിഷൻ 1, 2, 3, 4, 26, 27, 28 എന്നിവയാണ് മുൻ സർവ്വെ നമ്പറുകൾ. ഒന്നു മുതൽ 19 വരെയാണ് ഡിജിറ്റൽ റീസർവെ ബ്ലോക്ക് നമ്പറുകൾ. പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുള്ള റിക്കാർഡുകളിൻമേൽ പരാതി ഉണ്ടെങ്കിൽ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തൃപ്പൂണിത്തുറ റീസർവ്വെ സൂപ്രണ്ടിന് ഫോറം 160-ൽ നേരിട്ടോ "എൻ്റെ ഭൂമി" പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കേണ്ടതാണ്. 

നിശ്ചിത ദിവസത്തിനകം അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീസർവ്വെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരങ്ങൾ, അതിരുകൾ, വിസ്തീർണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവ്വെ അതിരടയാള നിയമം 13-ാം വകുപ്പനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കുന്നതാണ്. സർവ്വെ സമയത്ത് തർക്കമുന്നയിച്ച് സർവ്വെ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കില്ല.

date