Skip to main content

കലോത്സവം 'കവരാന്‍' അറുപതോളം മാധ്യമങ്ങള്‍, ആയിരത്തോളം മാധ്യമപ്രവര്‍ത്തകര്‍

ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലോത്സവം ജനസഹസ്രങ്ങളിലേക്കെത്തിക്കാന്‍ മീഡിയ കമ്മിറ്റി കൊല്ലത്ത് ഒരുക്കിയത് വിപുലസന്നാഹങ്ങള്‍. ആയിരത്തോളം മാധ്യമ പ്രവര്‍ത്തകരാണ് കലോത്സവ വാര്‍ത്താവിതരണ രംഗത്തുള്ളത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അംഗീകാരമുള്ള മാധ്യമങ്ങള്‍ക്കാണ് രജിസ്‌ട്രേഷന്‍ നല്‍കിയത്. ദേശീയ മാധ്യമങ്ങളടക്കം 59 മുന്‍നിര മാധ്യമങ്ങളുണ്ടിവിടെ. 78 അംഗ സംഘം ഒരു ദൃശ്യമാധ്യമത്തില്‍ നിന്ന് മാത്രമായി എത്തിയത് കലോത്സവത്തിന്റെ പ്രാധാന്യത്തിന് നേര്‍സാക്ഷ്യം.  

സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയായ ആശ്രാമം മൈതാനത്ത് സജ്ജമാക്കിയ മീഡിയ സെന്ററില്‍ വൈഫൈ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരാര്‍ഥികളുടെ അഭിമുഖത്തിനുള്ള സൗകര്യവുമുണ്ട്. മാധ്യമങ്ങള്‍ക്കായി 32 സ്റ്റാളുകളും അനുവദിച്ചു. കലോത്സവത്തിന്റെ സമഗ്ര കവറേജിനായി ഇവിടം പ്രയോജനപ്പെടുത്തുന്നു. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വേദികളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ വേദികളിലും ഫേസ് ബുക്ക് പേജിലും ലഭ്യമാക്കുന്നുണ്ട്.

കലോത്സവ റിപ്പോര്‍ട്ടിങ് മികവിന് അച്ചടി, (ഇംഗ്ലീഷ് , മലയാളം,) ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 20 വരെ അപേക്ഷിക്കാം.  

കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി സനല്‍ ഡി പ്രേം ചെയര്‍മാനായ 45 അംഗ മീഡിയ കമ്മിറ്റിയാണ് കലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

date