Skip to main content

കുട്ടിക്ലിക്കുകളുടെ’കലോത്സവ മാജിക്

കലോത്സവം പുരോഗമിക്കുമ്പോള്‍ വേദികളിലെ അപൂര്‍വ നിമിഷങ്ങള്‍ ഒപ്പിയെടുത്ത് കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍. 24 വേദികളിലും കാണാം ‘കുട്ടിക്ലിക്കുകള്‍’. ചിത്രങ്ങള്‍ തത്സമയം പകര്‍ത്തി വീഡിയോ ബൈറ്റുകളുമെടുത്ത് വിസ്മയമാകുന്നത് കെറ്റ്‌സ് ക്ലബ് അംഗങ്ങള്‍. കലോല്‍സവം ‘കവര്‍’ ചെയ്യാന്‍ ലഭിച്ച അവസരം ആഘോഷമാക്കുകയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ അരവിന്ദനും ആദിത്യനും മരിയയും ആവണിയുമൊക്കെ. ഓരോ വേദിയിലും നാല് വീതം കുട്ടികളെയാണ് നിയോഗിച്ചിരിക്കുന്നത്.

ജില്ലയിലെ തിരെഞ്ഞെടുക്കപ്പെട്ട 100 കുട്ടി ഫോട്ടോഗ്രാഫര്‍മാരാണ് രംഗത്തുള്ളത്. നാല് പേരടങ്ങുന്ന ഓരോ ടീമിന്റെയും ഏകോപനത്തിനായി രണ്ട് കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരെയും നിയോഗിച്ചിട്ടുണ്ട്. വീഡിയോകളും ചിത്രങ്ങളും തത്‌സമയം അധ്യാപകരുടെ സഹായത്തോടെ കൈറ്റ് പവിലിയനിലേക്ക് കൈമാറുന്നു. വിക്ടേഴ്‌സ് ചാനലിലും വെബ് സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും ഇവകാണം.

 ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍ സുദേവനാണ് നേതൃത്വം നല്‍കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകള്‍ക്ക് നല്‍കിയിട്ടുള്ള ക്യാമറയും അനുബന്ധ സൗകര്യങ്ങളുമാണ് കവറേജിന് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥി അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന കൈറ്റിന്റെ സംരംഭമാണ് 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകള്‍.

(പി.ആര്‍.കെ നമ്പര്‍ 44/2024)

date