Skip to main content

ഹൈടെക്കാകാൻ പുലിയന്നൂർ ഗവ. യു പി സ്കൂൾ

കുന്നംകുളം മണ്ഡലത്തിലെ വേലൂർ പുലിയന്നൂർ ഗവ. യു പി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്നു. എ സി മൊയ്തീൻ എം എൽ എ യുടെ 2022- 23 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായി.

വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി   പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ്  സർക്കാർ വിദ്യാലയത്തെ ഏറ്റെടുത്തത്. അടച്ചുപൂട്ടലിൽ നിന്ന് മികവിന്റെ മാതൃകയൊരുക്കാൻ  തയ്യാറെടുക്കുകയാണ് വേലൂരിലെ പുലിയന്നൂർ ഗവ. യു പി സ്കൂൾ. എ സി മൊയ്തീൻ എം എൽ എ യുടെ ഇടപെടലിന്റെ ഫലമായാണ് വിദ്യാലയത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചത്.

1922 ലാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ് തോമസ് യുപി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 700 ഓളം വിദ്യാർഥികൾ പഠിച്ചിരുന്ന ഓടിട്ട വിദ്യാലയം കാലപ്പഴക്കം ചെന്ന്  ജീർണ്ണാവസ്ഥയിലായി. പിന്നീട് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയത്തെ  2021 ൽ സർക്കാർ ഏറ്റെടുത്തു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വിദ്യാലയത്തെ ഹൈടെക് വിദ്യാലയമാക്കി മാറ്റി വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുകയാണ് വികസനത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. നിലവിൽ 370 കുട്ടികളും 17 അധ്യാപകരുമടങ്ങുന്ന വിദ്യാലയമാണ് പുലിയന്നൂർ ഗവ. യു പി സ്കൂൾ.

date