Skip to main content
ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 

ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 

തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീടുകളുടെ ഉദ്ഘാടനം ഇന്ന്  വൈകീട്ട് നാല് മണിക്ക് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ മെഡിക്കൽ കോളേജ്  പദ്ധതി പരിസരത്ത് നിർവഹിക്കും. ഉദ്ഘാടന പരിപാടിയിൽ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷനാകും.

 ചികിത്സയ്ക്ക് എത്തുന്ന രോഗികൾ, സ്ഥിരമായി ചികിത്സ തേടുന്നവർ അവരുടെ കൂട്ടിരിപ്പുകാർ എന്നിവർക്ക് മെഡിക്കൽ കോളേജിന് സമീപം കുറഞ്ഞ വാടക നിരക്കിൽ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയിലൂടെ. മെഡിക്കൽ കോളേജിന്റെയും റവന്യൂ വകുപ്പിന്റെയും കൈവശമുള്ള ഭൂമിയിലാണ്  സംസ്ഥാന സർക്കാർ ധനസഹായത്തോടെ ആശ്വാസ് വാടക വീട് ഒരുക്കിയത്. 53 സെന്റ് ഭൂമിയിൽ  രണ്ട് നിലകളിലായി  11730 ചതുരശ്ര അടി വിസ്തീർണർത്തിയിലാണ്  കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 27 ബാത്ത് അറ്റാച്ച്ഡ് മുറികളും 48 കിടക്ക സൗകര്യമുള്ള ഡോർമെട്രിയും ടവർ റൂമും ഉൾപ്പെടുന്നതാണ് കെട്ടിടത്തിന്റെ സൗകര്യങ്ങൾ.

 ചടങ്ങിൽ  റവന്യൂ ആൻഡ് ഹൗസിംഗ് വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ റിപ്പോർട്ട് അവതരിപ്പിക്കും. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ ,  രമ്യ ഹരിദാസ് എംപി, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഹൗസിംഗ് കമ്മീഷണർ ആൻഡ് സെക്രട്ടറി രാഹുൽ കൃഷ്ണ ശർമ്മ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുക്കും.

date