Skip to main content

വാടാനപ്പള്ളി ഐ വി റെഗുലേറ്റർ കം ഷട്ടറിന്റെ നിർമ്മാണത്തിന് തുടക്കമായി

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഐ വി റെഗുലേറ്റർ കം ഷട്ടറിന്റെ നിർമ്മാണ ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം  മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. മുട്ടുകായലിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയുകയാണ് ലക്ഷ്യം.  മുട്ടുകായൽ ചീപ്പിന് സമീപം നടന്ന പരിപാടിയിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷയായി.

 നടുവിൽക്കര  ഗ്രാമത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ശുദ്ധജലപ്രശ്നത്തിനും കാർഷികമേഖലയുടെ തളർച്ചക്കും ഒരു പരിധിവരെ പരിഹാരം കാണാൻ  ഐ വി റഗുലേറ്റർ കം ഷട്ടറിന് സാധിക്കും.  സംസ്ഥാന സർക്കാരിന്റെ ഒരു കോടി 46 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ഭരണസമിതിക്കാലത്തു പദ്ധതിയുടെ പ്രാരംഭ ഘട്ടങ്ങൾ തുടങ്ങിയിരുന്നെങ്കിലും പ്രളയവും കൊറോണയും മൂലം പദ്ധതി നീളുകയായിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ മുട്ടുക്കായൽ വഴിയുള്ള ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണാനും  ജനുവരി മുതൽ മെയ്  വരെ മുട്ടുക്കായലിലെ ജലം പൂർണ്ണമായും ഉപയോഗപ്രദമാക്കാനും കഴിയും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ  നടുവിൽക്കരയിലെ കാർഷികമേഖലയുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനും വൈലി പാടത്ത് നെൽകൃഷി ആരംഭിക്കാനും സാധിക്കും. ഷട്ടർ നിർമ്മാണം പൂർത്തിയായാൽ മഴക്കാലങ്ങളിൽ ശുദ്ധജലം കടലിലേക്ക് ഒഴുകി പോകുന്നത് തടയാനാനും 
മുട്ടുക്കായൽ ആഴം കൂട്ടി ശുദ്ധജലം സംഭരിച്ച് സമീപ പ്രദേശത്തെ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനും സാധിക്കും.

 വാര്‍ഡ് അംഗം ദില്‍ ദിനേശന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍  തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ സി പ്രസാദ് മുഖ്യാതിഥിയായി.  സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ സുലേഖ ജമാലു, മുന്‍ പ്രസിഡണ്ട് ഷിജിത്ത് വടുക്കുംഞ്ചേരി,ബ്ലോക്ക് അംഗം കെ ബി സുരേഷ് കുമാര്‍ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സജീവന്‍, സെക്രട്ടറി  എ എല്‍ തോമസ്, ചെറുകിട ജലസേചനവകുപ്പ്  തൃശ്ശൂര്‍ ഡിവിഷന്‍ എഞ്ചിനീയര്‍, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , തുടങ്ങിയവർ  പങ്കെടുത്തു. വാര്‍ഡ്  മെമ്പര്‍  ശ്രീകല ദേവാനന്ദ് നന്ദി പറഞ്ഞു.

date