Skip to main content
സ്ത്രീധന പീഡന പരാതിയിൽ അനാവശ്യ കാലതാമസം പാടില്ലെന്ന് നിയമസഭാസമിതി 

സ്ത്രീധന പീഡന പരാതിയിൽ അനാവശ്യ കാലതാമസം പാടില്ലെന്ന് നിയമസഭാസമിതി 

ആലപ്പുഴ: സ്ത്രീധന പീഡന പരാതികളിലെ നടപടിക്രമങ്ങളിൽ പോലീസ് സ്റ്റേഷനുകളിൽ അനാവശ്യ കാലതാമസം പാടില്ലെന്ന് നിയമസഭാസമിതി. പോലീസ് സ്റ്റേഷനിലേക്ക് വരുന്ന പരാതികളിൽ ഒരു പക്ഷത്ത് ചേർന്നുകൊണ്ട് ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടരുതെന്നും ഇത്തരത്തിൽ സമിതിയിൽ വന്ന പരാതികൾ സ്ത്രീധനവുമായി ബന്ധപ്പെട്ട സമിതിയുടെ  സ്‌പെഷ്യൽ റിപ്പോർട്ടായി നൽകുമെന്നും തുടർന്നുവരുന്ന സമിതി യോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും  വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യു. പ്രതിഭ എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേർന്ന 
നിയമസഭാസമിതി തെളിവെടുപ്പിലാണ് ഇക്കാര്യം പറഞ്ഞത്. നിയമസഭ സമിതിയിലെ മറ്റ് എം.എൽ.എമാരായ സെബാസ്റ്റ്യൻ കളത്തുങ്കൽ, ഒ.എസ് അംബിക, കെ. ശാന്തകുമാരി,  ദലീമ ജോജോ,  സി. കെ ആശ എന്നിവരും ആലപ്പുഴ കളക്ട്രേറ്റിൽ നടന്ന സിറ്റിങ്ങിൽ പങ്കെടുത്തു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, എഡിഎം എസ്. സന്തോഷ് കുമാർ,  വനിതാ ശിശു വികസന  വകുപ്പ് ജില്ലാ ഓഫീസർ എൽ ഷീബ, സാമൂഹ്യ നീതി വകുപ്പ് ജില്ല ഓഫീസർ എ. ഒ അബീൻ  തുടങ്ങിയവരും സംബന്ധിച്ചു.

 തെറ്റിദ്ധാരണയുടെ പുറത്ത് അറസ്റ്റ് ചെയ്യുന്ന കേസുകളിൽ പോലീസ് സംയമനത്തോടെ ഇടപെടണമെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് ഒരുതരത്തിലും    പാടില്ലെന്നും സമിതി നിർദേശിച്ചു. ഭർത്താവിനെ കാണാനില്ലെന്ന പരാതി നൽകാൻ എത്തിയ യുവതി നേരിട്ടത് വലിയ പീഡനങ്ങളാണെന്നും യുവതിയുടെ പരാതിയിൽ ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌പെഷ്യൽ സിറ്റിംഗ് നടത്തുമെന്നും സമിതി അറിയിച്ചു.

തൊഴിലിടങ്ങളിൽ ഉൽപ്പെടെ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ, ശാരീരികമോ മാനസികമോ ആയ വിഷമങ്ങളും സ്ത്രീകൾ നേരിടേണ്ടി വരുന്നത് ഗൗരവമായി കാണുന്നുവെന്ന് സമിതി വ്യക്തമാക്കി. ചെട്ടിക്കുളങ്ങര ടി.ടി.ഐ. പ്രിൻസിപ്പാളിന്റെ പ്രമോഷൻ മാനേജ്‌മെൻറ് തടഞ്ഞതുമായി ബന്ധപ്പെട്ട പരാതിയിലാണ്  നിരീക്ഷണം. വിഷയങ്ങൾ ഉദ്യോഗസ്ഥർ ഗൗരവമായി കാണണമെന്നും ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാവുന്നവ കാലതാമസമില്ലാതെ പരിഹരിക്കണമെന്നും സമിതി പറഞ്ഞു. പ്രമോഷൻ ലഭിച്ചുവെങ്കിലും ഉദ്യോഗസ്ഥ ജീവിതത്തിൽ പരാതിക്കാരി നേരിടേണ്ടിവന്ന മാനസിക സമ്മർദ്ദം വലുതാണെന്ന് സമിതി വിലയിരുത്തി. 

പി.ഡബ്ല്യു.ഡി. ഓവർസിയർ പട്ടികയിൽ നിന്ന് പി.എസ്.സി. തന്നെ ഒഴിവാക്കിയെന്ന  ഭിന്നശേഷിക്കാരനായ വ്യക്തി നൽകിയ പരാതിയിൽ സ്‌പെഷ്യൽ തെളിവെടുപ്പ് യോഗം നടത്തുമെന്നും എന്തുകൊണ്ട് ഒഴിവാക്കി എന്നതടക്കമുള്ള കാര്യത്തിൽ പി.എസ്.സി.യോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും സമിതി വ്യക്തമാക്കി.

കോളേജ് അധികൃതരുടെയും മാനേജ്‌മെന്റിന്റെയും പീഡനത്തിനെതിരെ കാർമൽ പോളിടെക്‌നിക്കിലെ ക്ലാർക്ക് നൽകിയ പരാതിയിൽ പരിഹാരം കണ്ടെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ കോളേജ് സന്ദർശിച്ച ശേഷം സമിതിയെ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിലിടങ്ങളിൽ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും സമിതി വിലയിരുത്തി. 

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയിലിരിക്കുന്ന പരാതികളിൽ  സമിതിക്ക് പൂർണ്ണ പരിഹാരം കാണാൻ  കഴിയില്ല. ഭിന്നശേഷിക്കാരുടെ വഴി പ്രശ്‌നം സംബന്ധിച്ച പരാതികളിൽ മാനുഷിക പരിഗണനയോടെ എല്ലാവരും ഇടപെടണമെന്ന നിർദ്ദേശവും സമിതി നൽകി. പഞ്ചായത്തുകൾ മാസംതോറും ഭിന്നശേഷിക്കാർക്കായി അദാലത്ത് സംഘടിപ്പിക്കണമെന്നും നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവരുടെ വീടുകളിൽ കാര്യങ്ങൾ അന്വേഷിക്കാൻ ചെല്ലണമെന്നും സമിതി പറഞ്ഞു.  ഒമ്പത് പരാതികളാണ് സമിതി പരിഗണിച്ചത്. ഇതിൽ ഒന്ന് തീർപ്പാക്കി. മറ്റു പരാതികൾ കൂടുതൽ സിറ്റിങ്ങിനായി മാറ്റിവച്ചു. ഇന്നു ലഭിച്ച 17 പുതിയ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി അവരുടെ റിപ്പോർട്ട് ലഭിച്ചശേഷം പരിഗണിക്കും.

date