Skip to main content
പാലുത്പാദനത്തില്‍ സ്വയംപര്യപ്ത കൈവരിക്കുക ലക്ഷ്യം- മന്ത്രി ജെ. ചിഞ്ചു റാണി

പാലുത്പാദനത്തില്‍ സ്വയംപര്യപ്ത കൈവരിക്കുക ലക്ഷ്യം- മന്ത്രി ജെ. ചിഞ്ചു റാണി

ആലപ്പുഴ: പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മില്‍മയിലൂടെ 90 ശതമാനം ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞുവെന്നും ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.  

അമിതമായി ലഭിക്കുന്ന പാല്‍ ഉപയോഗിച്ച് മില്‍മയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഗ്രാന്‍ന്റോട് കൂടി 100 കോടി രൂപ ചിലവില്‍ മലപ്പുറത്ത് പാല്‍പ്പൊടി ഫാക്ടറി ആരംഭിക്കും. അന്യ രാജ്യങ്ങളിലേക്കും അന്യസംസ്ഥാനത്തേക്കും പാല്‍പ്പൊടി, പാലിന്റെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ 60 ശതമാനം ഫണ്ടും കേരളത്തിന്റെ 40 ശതമാനം ഫണ്ടും ഉപയോഗിച്ച് കേരളത്തിലെ പശുക്കള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി രണ്ടര വര്‍ഷത്തില്‍  നടപ്പിലാക്കും.

കേരളത്തില്‍ 13 ലക്ഷം പശുക്കളാണുള്ളത്. തീറ്റയ്ക്ക് സബ്‌സിഡി കൊടുക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പശുക്കളെ വാങ്ങാനായി പലിശരഹിത വായ്പ കൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതി തയ്യാറാക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ അതിദരിദ്രരായ ആളുകള്‍ക്ക് 95 ശതമാനം സബ്‌സിഡിയോടുകൂടി പശുക്കളെ വളര്‍ത്താന്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കും. ക്ഷീരതീരം പദ്ധതി, ക്ഷീരലയം പദ്ധതി എന്നിവയിലൂടെ ക്ഷീര കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍.

കേരളത്തില്‍ ക്ഷീരകര്‍ഷകരുടെ ഉത്പാദക ചെലവ് കൂടുതലാണെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഒരു ലിറ്റര്‍ പാലിന് ആറ് രൂപ കൂട്ടി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് സങ്കരയിനം പശുക്കളെ കേരളത്തില്‍ കൂടുതലായി ഉല്പാദിപ്പിക്കുന്നു. കേരളത്തില്‍  ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ പച്ചപ്പുല്ല് വ്യാപകമായി വളര്‍ത്തണം. 60 ശതമാനം പുല്ലും ബാക്കി 40 ശതമാനം മാത്രം തീറ്റയും കേരളത്തിലെ പശുക്കള്‍ക്ക് മതിയാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം.എസ.് അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. ജില്ലയിലെ മികച്ച ആപ്‌കോസ് ക്ഷീര സംഘത്തെ ആദരിച്ചു. ക്ഷീരവികസന വകുപ്പ് തരിശുനില തീറ്റ പുല്‍കൃഷി പദ്ധതി ധനസഹായം ടി.ആര്‍.സി.എം.പി.യു. ചെയര്‍മാന്‍ മണി വിശ്വനാഥ് വിതരണം ചെയ്തു. ക്ഷീര സംഘങ്ങള്‍ക്കുള്ള എഫ്.എസ്.എസ്.എ.  ധനസഹായം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി വിതരണം ചെയ്തു. ക്ഷീര സംഗമം ലോഗോ മത്സര വിജയിക്ക് ക്ഷീരവികസന വകുപ്പ് ജോയിന്‍ ഡയറക്ടര്‍ (പ്ലാനിങ്) ശാലിനി ഗോപിനാഥ് ആദരം നല്‍കി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുമ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.സുജ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ. വി ഷരീഫ്, വള്ളികുന്നം ക്ഷീരസംഘം ജനറല്‍ കമ്മിറ്റി ചെയര്‍മാന്‍ മേത്തുണ്ടില്‍ ബാബു, ടി.ആര്‍.സി.എം.പി.യു. ഭരണസമിതി അംഗം ആയാംപറമ്പ് രാമചന്ദ്രന്‍, ടി.ആര്‍.സി.എം.പി.യു. ഭരണസമിതി അംഗം ടി.കെ. ചന്ദ്രന്‍, വള്ളികുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മോഹന്‍ കുമാര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി, വള്ളികുന്നം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി പ്രഭാകരന്‍ , റൈഹാനത്ത്, വള്ളികുന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. രാജീവ് കുമാര്‍, ഡി. രോഹിണി, തൃദീപ് കുമാര്‍, ഇന്ദു കൃഷ്ണന്‍, തത്തംമുന്ന ക്ഷീര സംഘം പ്രസിഡന്റ് ബി. അശോക് കുമാര്‍, ചിങ്ങോലി ക്ഷീര സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രന്‍, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date