Skip to main content

കോകോ ചലച്ചിത്രമേള

 

ഒ.ടി.ടി കാലത്ത് സിനിമയിലെ ദേശപ്പെരുമ അപ്രസക്തമെന്ന് ഓപ്പൺ ഫോറം

ദേശ-ഭാഷാ-സംസ്കാര വ്യത്യാസമില്ലാതെ പ്രേക്ഷകർ സിനിമ കാണുന്ന ഒ.ടി.ടി കാലത്ത് സിനിമയിലെ ദേശപ്പെരുമ അപ്രസക്തമെന്ന് 
കോകോ ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറം. തിങ്കളാഴ്ച നടന്ന 'മലയാള സിനിമയിൽ കോഴിക്കോടിന്റെ പങ്കാളിത്തം കുറയുന്നോ' എന്ന 
ഓപ്പൺ ഫോറം ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്. 

സാഹിത്യകാരായ ഖദീജ മുംതാസ്, ശത്രുഘ്നൻ, ഒ പി സുരേഷ് എന്നിവരും പ്രസാധക ദീപ പി എമ്മും പങ്കെടുത്തു.

സാഹിത്യം ഉൾപ്പെടെയുള്ള ഇതര കലാരൂപങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുന്നതാണ് ഇന്നത്തെ മലയാള സിനിമയെന്ന് ഒ പി സുരേഷ് അഭിപ്രായപെട്ടു. "ആഗോള സിനിമാകാഴ്ചയുടെ കാലത്ത് കോഴിക്കോട് സിനിമ, കൊച്ചി സിനിമ എന്ന് പറയുന്നതിൽ പ്രസക്തിയില്ല. സിനിമാക്കാരിലെ പുതിയ തലമുറയിൽ നിരവധി കോഴിക്കോടുകാർ  ഉണ്ട്," അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഐ.ടി മേഖലയിലെ ജീവിതം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അരികുജീവിതം, മനുഷ്യമനസ്സുകളിലെ ഇരുണ്ടവശങ്ങൾ എന്നിവയൊക്കെ ഇന്ന് സിനിമയ്ക്ക് പ്രിയപ്പെട്ട വിഷയങ്ങൾ ആകുമ്പോൾ അവ കോഴിക്കോടിന്റെ സാഹിത്യ സംസ്കാരവുമായി ചേരാത്തതിനാലാണ് സിനിമയിൽ കോഴിക്കോടിന്റെ പങ്ക് കുറഞ്ഞതെന്ന് ഖദീജ മുംതാസ് നിരീക്ഷിച്ചു.

സിനിമ കവിത പോലെ മനോഹരമായ ദൃശ്യാനുഭവം നൽകുന്നതായി ദീപ പി എം ചൂണ്ടിക്കാട്ടി. പഴയ തലമുറയെ സാഹിത്യമാണ് സിനിമയോട് അടുപ്പിച്ചതെങ്കിൽ പുതിയ തലമുറയിൽ അത് ദൃശ്യങ്ങളാണ്. 

സിനിമ സാഹിത്യവുമായി ബന്ധപ്പെട്ട 1960-80 കാലഘട്ടമാണ് മലയാള സിനിമയുടെ സുന്ദരമായ കാലമെന്നും ഇന്ന് സിനിമക്ക് കഥ വേണ്ട എന്ന സ്ഥിതിയാണെന്നും ശത്രുഘ്നൻ അഭിപ്രായപ്പെട്ടു. 

ശ്രീരഞ്ജിനി മോഡറേറ്ററായി.

date