Skip to main content

വഞ്ചിയോട് കോളനിയില്‍ മെച്ചപ്പെട്ട ജീവിതസാഹചര്യമെന്ന് വനിതാ കമ്മിഷന്‍

വന്യജീവി ആക്രമണത്തില്‍ കൃഷി നശിക്കുന്നത് പരിഹരിക്കുന്നതിന് ശുപാര്‍ശ നല്‍കും

ജില്ലയിലെ വഞ്ചിയോട് പട്ടികവര്‍ഗ കോളനിനിവാസികള്‍ മെച്ചപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിലെ വഞ്ചിയോട് പട്ടികവര്‍ഗ കോളനിയിലെ വീടുകള്‍ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്‍, വി ആര്‍ മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ചു.

ഊരിലെ ഓരോ കുടുംബത്തിനും 50 സെന്റ് വീതം കൈവശാവകാശ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. കുരുമുളകാണ് പ്രധാനകൃഷി. കപ്പ ഉള്‍പ്പെടെയുള്ള വിളകള്‍ വന്യജീവികള്‍ നശിപ്പിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.

പട്ടികവര്‍ഗ വികസനം, ആരോഗ്യം, സാമൂഹികനീതി, വനിതാ-ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കി ആവശ്യമായ സേവനങ്ങളും നല്‍കുന്നുണ്ട്. പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, മൊബൈല്‍ ആരോഗ്യ യൂണിറ്റ് തുടങ്ങിയവയുടെ സേവനവും ലഭ്യമാക്കുന്നു. കിന്‍ഡര്‍ഗാര്‍ട്ടനില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉറപ്പാക്കി. ആരോഗ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രധാന്യം നല്‍കുന്ന പ്രവര്‍ത്തനമാണ് ഗ്രാമപഞ്ചായത്ത് നടത്തുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ഒറ്റപ്പെട്ടു കഴിയുന്ന വിധവകള്‍, ഭര്‍ത്താവോ കുടുംബാംഗങ്ങളോ അസുഖബാധിതരായിട്ടുള്ള വീട്ടമ്മമാര്‍, രോഗബാധിതരായ വീട്ടമ്മമാര്‍ തുടങ്ങിയവരെ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണും അംഗങ്ങളും സന്ദര്‍ശിച്ചും. താന്നിമൂട്ടില്‍ പ്രസീനയ്ക്ക് സ്നേഹസ്പര്‍ശം പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി ട്രൈബല്‍ പ്രമോട്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും അവരെ പരിചരിക്കുന്നവരുമായ പ്ലാമൂട്ടില്‍ ശാരദ, വിപിന്‍ വിലാസത്തില്‍ ഡി ബിജുവിനെ പരിചരിക്കുന്ന ഭാര്യ ധന്യ, ശരവണപൊയ്കയില്‍ സഹദേവന്‍ കാണിയെ പരിചരിക്കുന്ന ഭാര്യ സരോജം, ചികിത്സയിലുള്ള സഞ്ജുവിനെ പരിചരിക്കുന്ന ചരുവിള സുജാത, പേഴുംമൂട് സദാനന്ദന്‍കാണിയെ പരിചരിക്കുന്ന ഭാര്യ ആനന്ദവല്ലി, കാന്‍സര്‍ ബാധിതനായ മകന്‍ രഘുനാഥനെ പരിചരിക്കുന്ന അമ്മ കുന്നുംപുറത്ത് തങ്കമ്മ എന്നിവരെയാണ് സന്ദര്‍ശിച്ചത്.

വഞ്ചിയോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ മടത്തറ അനില്‍, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, പട്ടികവര്‍ഗ വികസന ഓഫീസര്‍ വിധുമോള്‍, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന, ഊര് മൂപ്പന്‍ എസ് ശ്യാംലാല്‍, വനസംരക്ഷണ സമിതി പ്രസിഡന്റ് ജി സഹദേവന്‍, പട്ടികവര്‍ഗ പ്രമോട്ടര്‍മാരായ എ അതുല്യ, എസ് എല്‍ സുജിത്ത്, പൊതുപ്രവര്‍ത്തകന്‍ റോയ് തോമസ് തുടങ്ങിയവര്‍ അനുഗമിച്ചു.

date