Skip to main content

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന് -മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മലപ്പുറം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 12) രാവിലെ 10.30 ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ജില്ലാ പ്ലാനിങ് ആന്റ് റിസോഴ്സ് കേന്ദ്രം (ഡി.പി.ആർ.സി) എന്ന പേരിൽ മലപ്പുറം സിവിൽസ്റ്റേഷനിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. കെട്ടിട പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിക്കും.
4.75 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി 15,000 ചതുരശ്ര അടിയിലാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. ഓഫീസ് മുറികൾ, റെക്കോർഡ് റൂം, കോൺഫറൻസ് ഹാൾ, ലിഫ്റ്റ് ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ആർ.ജി.എസ്.എ സഹായത്തോടൊപ്പം 94 ഗ്രാമപഞ്ചായത്തുകളുടെയും ഫണ്ടുപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. തദ്ദേശ സ്ഥാപന പ്രതിനിധികൾക്കുള്ള പരിശീലന പരിപാടികൾക്കുൾപ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ വി.ആർ വിനോദ് മുഖ്യാതിഥിയാകും. ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറൽ ഡയറക്ടർ പ്രേംകുമാർ, ഓഡിറ്റോറിയം ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് അർബൻ ഡയറക്ടർ അലക്‌സ് വർഗീസ് എന്നിവർ നിർവഹിക്കും. 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിൽ ഭൂമി ദാനം ചെയ്ത കെ.പി കുഞ്ഞാലിക്കുട്ടിയെ ചടങ്ങിൽ ആദരിക്കും.

date