Skip to main content
എളനാട് 33 കെ വി സബ്ബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം; സ്വാഗത സംഘം രൂപീകരിച്ചു

എളനാട് 33 കെ വി സബ്ബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം; സ്വാഗത സംഘം രൂപീകരിച്ചു

മലയോര ജനതയുടെ ചിരകാല സ്വപ്നമായ എളനാട് 33 കെ വി സബ്ബ് സ്റ്റേഷൻ എന്ന ആവശ്യം യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ ആവേശത്തിലാണ് എളനാട് ഗ്രാമം. കാർഷിക മേഖലക്ക് പേരുകേട്ട പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട് പ്രദേശത്ത് വോൾട്ടേജ് ക്ഷാമം കാരണം കാർഷിക മേഖലക്ക് ആവശ്യമായ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി വൈദ്യുതി വകുപ്പ് നിർദ്ദേശിച്ചത് പുതിയ സബ്ബ് സ്‌റ്റേഷൻ സ്ഥാപിക്കുക എന്നതാണ്. അത്യാധുനിക രീതിയിലുള സബ്ബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ചുരുങ്ങിയത് 5 സെന്റ് സ്ഥലമെങ്കിലും വേണം എന്നതാണ് കെ എസ് ഇ ബി യുടെ ആവശ്യം.

33 കെ വി സബ്ബ് സ്റ്റേഷൻ സ്ഥാപിക്കാനാവശ്യമായ സ്ഥലം എളനാട് സെന്ററിൽ തന്നെ സൗജന്യമായി കിട്ടണമെന്നതായിരുന്നു കെ എസ് ഇ ബി  ആവശ്യപ്പെട്ടത്. മന്ത്രി കെ. രാധാകൃഷ്ണന്റെ നിരന്തരമായ ഇടപെടലിനെ തുടർന്ന് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എളനാട് ഇ.കെ നായനാർ കമ്മ്യൂണിറ്റി ഹാളിനോട് ചേർന്ന 5 സെന്റ് സ്ഥലം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി തീരുമാനപ്രകാരം കെ എസ് ഇ ബി ക്ക് ലീസിന് നൽകാൻ തീരുമാനിക്കുകയും ചെയ്തു.

4.86 കോടി രൂപയാണ് സബ്ബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ടി അനുവദിച്ചിരിക്കുന്നത്. 
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫിന്റെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു. പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മുരളീധരൻ, ജില്ലാ പഞ്ചായത്തംഗം കെ.ആർ മായ, ബ്ലോക്ക് പഞ്ചായത്തംഗം ലത സാനു, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ ബാബു, സി. ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി ജോർജ്ജ്, കെ.വി ഐസക്ക്, പി.കെ വിനോദ്, കെ.എസ്.ഇ.ബി തൃശ്ശൂർ ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ സന്തോഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എസ് അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. 

മന്ത്രി കെ. രാധാകൃഷ്ണൻ, രമ്യാ ഹരിദാസ് എം.പി എന്നിവർ രക്ഷാധികാരികളും, കെ.എം അഷറഫ് ചെയർമാനും കെ.എസ്.ഇ.ബി തൃശ്ശൂർ ട്രാൻസ്മിഷൻ ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ കെ. ദിനേശ്  കൺവീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. 

2024 ജനുവരി 17 ന് രാവിലെ 11 മണിക്ക് ഇ.കെ നായനാർ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ സബ്ബ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനവും 4.96 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച 33 കെ.വി പഴയന്നൂർ - ചേലക്കര പുതിയ  ലൈനിന്റെ വൈദ്യുതീകരണത്തിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.  കൃഷ്ണൻകുട്ടി നിർവ്വഹിക്കും. മന്ത്രി കെ.  രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.

date