Skip to main content

അടുത്തതവണ മുതൽ കോകോ ചലച്ചിത്രമേള അന്താരാഷ്ട്ര മേളയായി നടത്തുമെന്ന് മേയർ

 

ഒരാഴ്ച നീണ്ട മേള സമാപിച്ചു

അടുത്തതവണ മുതൽ കോകോ ചലച്ചിത്രമേള അന്താരാഷ്ട്ര ചലച്ചിത്ര മേളയായി, കൂടുതൽ ആസൂത്രണത്തോടെ നടത്തുമെന്ന് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പറഞ്ഞു.

ഒരാഴ്ച നീണ്ട കോഴിക്കോട് കോർപ്പറേഷൻ (കോകോ) ചലച്ചിത്രമേളയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

"മനുഷ്യരുടെ മനസ്സിൽ വലിയ മാറ്റം സൃഷ്ടിക്കാൻ എഴുത്തിനെപ്പോലെ സിനിമയ്ക്കും കഴിയും. കോഴിക്കോടുകാരുടെ മണ്ണും മനസ്സും കലയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ്.  കോഴിക്കോട്ടെ പോയ്പ്പോയ ഫിലിം ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കണം. യുനെസ്കോ സാഹിത്യ പദവിയുടെ പശ്ചാത്തലത്തിൽ നഗരത്തിന് ഇത് നല്ല അവസരമാണ്. കോകോ ഫോക് ലോർ ഫെസ്റ്റും നടത്തും," മേയർ പറഞ്ഞു. 

നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. 

നാടക-സിനിമാ രംഗത്തെ പ്രഗൽഭരായ കുട്ട്യേടത്തി വിലാസിനി, വിജയൻ വി നായർ, അജിത നമ്പ്യാർ എന്നിവരെയും ബാങ്ക്മെൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി കെ ജെ തോമസിനേയും പരിപാടിയിൽ ആദരിച്ചു.

'കുമ്മാട്ടി' ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങൾ കുട്ട്യേടത്തി വിലാസിനി ഓർത്തെടുത്തു. 

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സി രേഖ, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, കെ ടി സുഷാജ് തുടങ്ങിയവർ പങ്കെടുത്തു. 

ശ്രീ, വേദി തിയ്യറ്ററുകളിലായി 42 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. കോഴിക്കോട് നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ  ചിത്രങ്ങൾക്കൊപ്പം അന്താരാഷ്ട്ര സിനിമകളും കാണിച്ചു. അഞ്ച് ദിവസം ഓപ്പൺഫോറവും നടന്നു.

കോഴിക്കോടിനെ യുനെസ്കോ സാഹിത്യ നഗരമായി തെരഞ്ഞെടുത്തതിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ  സംഘടിപ്പിച്ച മേളയിൽ ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, അശ്വനി ഫിലിം സൊസൈറ്റി എന്നിവയും സഹകരിച്ചു.

date