Skip to main content
കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം: പ്രാഥമിക യോഗം ചേർന്നു

കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം: പ്രാഥമിക യോഗം ചേർന്നു

വേലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം നടപ്പാക്കുന്നതിനായി എ സി മൊയ്തീൻ എം എൽ എ യുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു. ഗുണഭോക്താക്കളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്തു. പദ്ധതി നിർവഹണത്തിന്റെ ആദ്യ ഘട്ടമായി എംഎൽഎ ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.

എ സി മൊയ്തീൻ എം എൽ എ യുടെ ശ്രമഫലമായാണ് പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം ഒരു കോടി രൂപ കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം പദ്ധതിക്ക് ലഭ്യമായത്.

കോളനിയുടെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഭൂസംരക്ഷണം, പാടശേഖരത്തിലേക്ക് റാമ്പ്, സാംസ്കാരിക കേന്ദ്രം, വ്യക്തിഗതമായി ഭവന നവീകരണം, കുണ്ടിലങ്ങാടി കുടിവെള്ള പദ്ധതി നവീകരണം തുടങ്ങിയ പ്രവർത്തികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 46 കുടുംബങ്ങളാണ് കുണ്ടിലങ്ങാടി കോളനിയിൽ താമസിക്കുന്നത്.

സാംസ്കാരിക കേന്ദ്രം പ്രാവർത്തികമാക്കുക എന്നത് കുണ്ടിലങ്ങാടി കോളനി നിവാസികളുടെ   ദീർഘനാളായുള്ള ആവശ്യമാണ്. കോളനിയിലെ യുവതി യുവാക്കൾക്ക് പിഎസ്‌സി പരിശീലനം, നൃത്തം , പാട്ട് എന്നീ കലാപരിശീലനം നൽകുന്നതിനും സംസ്കാരിക നിലയം ഉപയോഗപ്രദമാകും. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ കോളനികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതു വഴി കഴിയും.

കുണ്ടിലങ്ങാടി കോളനി പരിസരത്ത്  നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ ഷോബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സപ്ന റഷീദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കർമലാ ജോൺസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിലീപ് കുമാർ ,
പട്ടികജാതി ഓഫീസർ ബിന്ദു എം എൻ, , മെമ്പർമാർ , ഉദ്യോഗസ്ഥർ, കോളനിവാസികൾ എന്നിവർ പങ്കെടുത്തു.

date