Skip to main content
സ്ത്രീസംരക്ഷണത്തിന് കേരളം നൽകുന്നത് വലിയ പ്രാധാന്യം- മന്ത്രി സജി ചെറിയാൻ - ജെൻഡർ പാര്‍ക്ക് ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു

സ്ത്രീസംരക്ഷണത്തിന് കേരളം നൽകുന്നത് വലിയ പ്രാധാന്യം- മന്ത്രി സജി ചെറിയാൻ - ജെൻഡർ പാര്‍ക്ക് ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ജില്ല പഞ്ചായത്ത്  നിയന്ത്രണത്തിലുള്ള സ്ത്രീ സൗഹൃദ കേന്ദ്രമായ ജെൻഡർ പാര്‍ക്ക് കെട്ടിടത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീസംരക്ഷണത്തിന് കേരളം വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീ ശാക്തീകരണത്തിനും വലിയ പ്രാധാന്യമാണ് സംസ്ഥാനം നൽകുന്നത്. കുടുംബശ്രീ പ്രസ്ഥാനം ഇന്ത്യയ്ക്ക് ആകെ മാതൃകയായി വളർന്നുവന്നത് അതിന്റെ അടിസ്ഥാനത്തിലാണ്.

കേരള വികസനത്തെ മാറ്റിമറിച്ചത് ജനകീയയാസൂത്രണമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെട്ടതോടെ കേരളത്തിൽ വികസന മുന്നേറ്റങ്ങളുണ്ടായി. വിദ്യാഭ്യാസം, കുടിവെള്ളം, തൊഴിൽ സംരക്ഷണം, വ്യവസായ സൗഹൃദ അന്തരീക്ഷം, ഭവന നിർമ്മാണം, അതിദാരിദ്ര നിർമാർജനം, ജലസംരക്ഷണം തുടങ്ങി സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇത്രയും മാറ്റമുണ്ടായ ഒരു കാലം കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. നവകേരള നിർമിതിയിലേക്കുള്ള ആ മാറ്റമാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെല്ലാം ആലപ്പുഴ ജില്ലാ പഞ്ചായത്ത് കാര്യങ്ങൾ ഭംഗിയായി നടത്തുന്നു. 

ജെൻഡർ പാർക്ക് സ്ഥാപിക്കാൻ തുടക്കം കുറിച്ച അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന യു. പ്രതിഭ എം.എൽ.എ.യെയും പാർക്കിന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്ന ഇപ്പോഴത്തെ പ്രസിഡൻറ് കെ.ജി. രാജേശ്വരിയെയും മന്ത്രി അഭിനന്ദിച്ചു. ജെൻഡർ പാർക്കിൽ തായ്ക്കോണ്ട പരിശീലനം നേടിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, ജില്ല പഞ്ചായത്തംഗങ്ങളായ ആർ. റിയാസ്, പി. അഞ്ജു, ഗീത ബാബു, വി. ഉത്തമൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ്, ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസർ എൽ. ഷീബ, ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ആർ. സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

38 ലക്ഷം രൂപ ചെലവിലാണ് ജെൻഡർ പാർക്കിൻ്റെ നിർമ്മാണം. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ വനിതകൾക്ക് ചെറിയ നിരക്കിൽ താമസ സൗകര്യത്തിനുള്ള ഡോർമിട്രി, ലൈബ്രറി, സൗജന്യ നിയമസഹായ കേന്ദ്രം, യോഗ പരിശീലന കേന്ദ്രം കൗൺസിലിങ്ങിനുള്ള സൗകര്യം, ജില്ല ജാഗ്രത സമിതി പ്രവർത്തനം, സെൽഫ് ഡിഫൻസ് ട്രെയിനിങ് എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ല വനിത ശിശു വികസന ഓഫീസറുടെ നേതൃത്വത്തിൽ വനിത ശിശു വികസന വകുപ്പിന്റെ സഖി വൺ സ്റ്റോപ്പ് സെൻറർ പ്രവർത്തനവും ഈ കെട്ടിടത്തിൽ നടന്നുവരുന്നു.

date