Skip to main content
കടുത്തുരുത്തിയിൽ വച്ച് നടന്ന ജില്ലാ ക്ഷീര സംഗമത്തിൽ ജില്ലയിലെ മികച്ച ക്ഷീര സംഘത്തിനുള്ള അവാർഡ് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കുന്നു.

ജില്ലയിലെ മികച്ച ക്ഷീരസംഘമായി അരീപ്പറമ്പ് ക്ഷീര സഹകരണ സംഘം

കോട്ടയം: നിരവധി പ്രവർത്തനങ്ങളിലൂടെ മാതൃകയായി മാറി അരീപ്പറമ്പ് ക്ഷീരസഹകരണ സംഘം. കടുത്തുരുത്തിയിൽ നടന്ന ജില്ലാ ക്ഷീരസംഗമത്തിൽ ജില്ലയിലെ മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ട അരീപ്പറമ്പ് ക്ഷീരസഹകരണ സംഘത്തിന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പുരസ്‌കാരം സമ്മാനിച്ചിരുന്നു. 2021-22ലെ കോട്ടയം ജില്ലയിലെ മികച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള പുരസ്‌കാരവും സംഘത്തിനു ലഭിച്ചിട്ടുണ്ട്.
 1957ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിൽ 1678 അംഗങ്ങളുണ്ട്. മണർകാട്, അയർക്കുന്നം ഗ്രാമ പഞ്ചായത്തുകളിലെ അരീപ്പറമ്പ്, അമയന്നൂർ, മാലം എന്നിവിടങ്ങളിൽനിന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രതിദിനം 1938 ലിറ്റർ പാലാണ് ക്ഷീരസംഘം വഴി വിൽക്കാനായത്. കൃത്യമായ ഗുണനിലവാര പരിശോധ നടത്തി മിൽമ ചാർട്ട് വിലയോടൊപ്പം സംഘത്തിന്റെ സ്‌പെഷ്യൽ ഇൻസെന്റീവ് ഉൾപ്പെടെയുള്ള വിലയാണ് കർഷകർക്ക് നൽകുന്നത്. സംഭരിക്കുന്ന പാലിൽ 50 ശതമാനം മിൽമ എറണാകുളം യൂണിയന് നൽകി ബാക്കി പ്രാദേശികമായി വിൽക്കുകയാണ്.
 ലാഭകരമായ പ്രാദേശിക വിൽപന വർധിപ്പിക്കലിനാണു സംഘം ഭരണസമിതി പ്രധാന പരിഗണന നൽകുന്നത്. ഇതിനായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ 4.35 ലക്ഷം രൂപ ചെലവിൽ 300 ലിറ്റർ സംഭരണ ശേഷിയുള്ള, 24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽക് വെൻഡിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യ മിൽക്ക് വെൻഡിംഗ് യന്ത്രമാണിത്. ഈ സാമ്പത്തിക വർഷം സംഘം ഒരു വെൻഡിംഗ് യന്ത്രംകൂടി സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ 300 ലിറ്റർ പ്രതിദിന ഉത്പാദന ശേഷിയുള്ള തൈര് ഉത്പാദന പാസ്ചുറൈസർ പ്ലാന്റും നിർമാണ ഘട്ടത്തിലാണ്.
 കാലിത്തീറ്റ, ഗോതമ്പ് ഉമി, ഉഴുന്ന് ഉമി, സോയ തവിട്, പരുത്തി പിണ്ണാക്ക്, ചെറുപയർ ഉമി, ധാന്യപ്പൊടി, വിവിധ ഇനം മിനറൽ മിക്‌സ്ചറുകൾ എന്നിവയുടെ വിൽപനയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 1.43 കോടി രൂപയുടെ വിറ്റുവരവ്  നേടിയെടുക്കാൻ സംഘത്തിനായി.  വൈക്കോൽ വിൽപനയും സംഘത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്.
ജനകീയാസൂത്രണ പദ്ധതിയിൽ പാൽ ഇൻസെന്റീവ് ഇനത്തിൽ 13 ലക്ഷം രൂപയും കാലിത്തീറ്റ വിതരണ പദ്ധതിയിൽ അഞ്ചരലക്ഷം രൂപയും കഴിഞ്ഞ സാമ്പത്തിക വർഷം സംഘം  വിതരണം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ക്ഷീരവർദ്ധിനി പദ്ധതിയിലൂടെ 27 ക്ഷീരകർഷകർക്ക് പലിശരഹിത വായ്പ നൽകി.  കിസാൻ ക്രെഡിറ്റ് കാർഡ് അംഗങ്ങൾക്ക് എത്തിക്കുന്നതിനും വനിതാ ക്ഷീരകർഷകർക്ക്  ബാങ്ക് വഴി അൻപതിനായിരം രൂപാ  മീഡിയം ടേം വായ്പ ലഭ്യമാക്കുന്നതിനുമുള്ള  നടപടികളും സംഘം ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. വി.സി സ്‌കറിയ വെള്ളറയിൽ ആണ് സംഘം പ്രസിഡന്റ്. സെക്രട്ടറി ഉൾപ്പടെ ആറ് സ്ഥിരം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്വന്തമായി കെട്ടിടവും ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററും ഉണ്ട്.

 

 

date