Skip to main content

സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരണം അന്തിമഘട്ടത്തില്‍

ജില്ലയില്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരണം അന്തിമ ഘട്ടത്തിലേക്ക്. ഇതുവരെ 25  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ജില്ലയിലെ അര്‍ഹരായ എല്ലാ കുടുംബങ്ങളെയും സാമൂഹിക സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ്  'സുരക്ഷ 2023. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലെയും ഒരാളെയെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ജീവന്‍ / അപകട ഇന്‍ഷുറന്‍സ് പദ്ധതികളായ പി.എം.എസ്.ബി.വൈ/ പി.എം ജെ.ജെ.ബി വൈ എന്നിവയില്‍ ചേര്‍ക്കും. തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ഭാരതീയ  റിസര്‍വ് ബങ്ക്, നബാര്‍ഡ്, ലീഡ് ബാങ്ക്, മറ്റ് ബാങ്കുകള്‍ എന്നവര്‍ സംയുക്തമായാണ് സുരക്ഷ 2023 പദ്ധതി നടപ്പിലാക്കുന്നത്.പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ സ്‌കീമുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സുരക്ഷാ പദ്ധതിയിലൂടെ വര്‍ഷത്തില്‍ വെറും 20 രൂപക്ക്  രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും  436 രൂപയ്ക്കു രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കാന്‍ സാധിക്കും . 2016 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന ഈ പദ്ധതികളില്‍ സുരക്ഷ ക്യാമ്പയിന്‍ ആരംഭിക്കുമ്പോള്‍ 169000 പേരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. നിലവില്‍ 100,000 പേരെ കൂടി അധികമായി സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു. ജീവന്‍ /അപകടമരണം സംഭവിച്ച ബന്ധുക്കള്‍ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ കലക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്‍ഷുറന്‍സ് ക്ലെയിം തുക നല്‍കിയത്. 2023 ജനുവരിയിലാണ് സുരക്ഷാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നത്. തുടര്‍ന്ന് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍  നബാര്‍ഡിന്റെ ധനസഹായത്തോടെ പദ്ധതിയുടെ പ്രചാരണത്തിനായി ജില്ലയിലൂടെ നീളം തെരുവ് നാടകങ്ങള്‍ സംഘടിപ്പിക്കുകയും റേഡിയോ മാറ്റൊലിയിലൂടെ വിവിധ സാമ്പത്തിക സാക്ഷരത പ്രോഗ്രാമുകള്‍ മലയാളത്തിലും ഗോത്രവര്‍ഗ ഭാഷകളിലും പ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. പദ്ധതിയുടെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഭാരതീയ റിസേര്‍വ് ബാങ്കിന്റെ തിരുവന്തപുരം ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ ബാങ്ക് മേധാവികളുടെ യോഗങ്ങളും ഒ. ആര്‍ കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ അധ്യക്ഷതയില്‍ അവലോകന യോഗങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ എല്ലാ മാസവും ജില്ലാ ആസൂത്രണ കമ്മിറ്റി യോഗങ്ങളും ചേര്‍ന്നിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്ത്വത്തില്‍ ജില്ലാ വികസന സമിതി യോഗത്തിലും  ആസ്പിരേഷന്‍ ജില്ലാ അവലോകന യോഗത്തിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാര്‍, ബാങ്ക് ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി എസ്.ടി പ്രമോട്ടര്‍മാര്‍, അക്ഷയ സംരംഭകര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ഓര്‍ഗനൈസേര്‍സ്, വിവിധ സന്നദ്ധ സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, റേഡിയോ മാറ്റൊലി എന്നിവര്‍ സുരക്ഷാ പദ്ധതി ജനകീയമാക്കാൻ അഹോരാത്രം പ്രയ്ത്‌നിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായി സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ച വാര്‍ഡായി തിരഞ്ഞെടുത്തത് തരിയോട് പഞ്ചായത്തിലെ ചെന്നലോടിനെയാണ്. ആദ്യമായി സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ച ഗ്രാമപഞ്ചായത്തായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തും ആദ്യ നഗരസഭയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയും ബ്ലോക്ക് പഞ്ചായത്തായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും മാറിയത് അഭിമാന നേട്ടമാണ്. സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ചേരാത്തവർ ഉടന്‍ അടുത്തുള്ള ബാങ്കുമായോ, വാര്‍ഡ് മെമ്പര്‍മാര്‍ വഴിയോ പദ്ധതിയില്‍ ചേരണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

 

date