Skip to main content

കൊട്ടാരപ്പടി പൗരസമിതി ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്കായി യൂണിഫോം വിതരണം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു

കുഴല്‍മന്ദം കൊട്ടാരപ്പടി പൗരസമിതിയുടെ നേതൃത്വത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്ക് യൂണിഫോം വിതരണവും വിദ്യാഭ്യാസ-കലാ-കായിക-സാസ്‌കാരിക രംഗങ്ങളിലെ പ്രതിഭകളെയും മുതിര്‍ന്ന പൗരന്മാരെയും മികച്ച കര്‍ഷകരെയും ആദരിക്കലും നടന്നു. പരിപാടി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിനാലാണ് ജനങ്ങള്‍ക്കിടയില്‍ പൗരസമിതിക്ക് സ്വീകാര്യത ലഭിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ഏറ്റവും മാതൃകാപരമായി മുന്നോട്ടുപോകേണ്ട ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ നടത്തിപ്പിന് പൗരസിമിതി സഹായിക്കുകയാണ്. ജനിതകവൈകല്യമുള്‍പ്പടെയുള്ള കുട്ടികളില്‍ മറ്റു കഴിവുകള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അവരെ ഉയര്‍ത്തികൊണ്ടുവരുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും പൊതുസമൂഹം പങ്കുവഹിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
പരിപാടിയില്‍ കലാകാരന്മാര്‍ക്കുള്ള വാദ്യോപകരണം -പലവ്യഞ്ജന കിറ്റ് വിതരണവും നടന്നു. കുളവന്‍മുക്ക് കുത്തനൂര്‍ റോഡില്‍ വിനായക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊട്ടാരപ്പടി പൗരസമിതി പ്രസിഡന്റ് ബാബു മാരാത്ത് അധ്യക്ഷനായി. കെ.ഡി പ്രസേനന്‍ എം.എല്‍.എ മുഖ്യാതിഥിയായി. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണന്‍, സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ഡയറക്ടര്‍ കെ. കുശലകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date