Skip to main content

സ്വപ്ന സാക്ഷാത്കാരത്തിൽ തൂണേരി

 

കുടുംബാരോഗ്യേ കേന്ദ്രത്തിനായി  ജനകീയ കമ്മിറ്റി സ്വരൂപിച്ചത് 1.30 കോടി

ആധുനിക നിലവാരത്തിലുള്ള കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തൂണേരിക്കാർ. നാടാകെ ഒരുമിച്ച് പ്രയത്നിച്ചപ്പോൾ രണ്ടു വർഷത്തെ പരിശ്രമമാണ് പൂർത്തീകരിക്കപ്പെട്ടത്. എന്നാൽ രണ്ടു വർഷം മുൻപല്ല തൂണേരിക്കാർ മെച്ചപ്പെട്ട ആരോഗ്യ സ്ഥാപനം സ്വപ്നം കണ്ടു തുടങ്ങിയത്. 1982 ൽ ജനകീയ ഫണ്ട് സമാഹരണത്തിലൂടെ തന്നെ സ്വന്തമാക്കിയ ഭൂമിയിലാണ് നിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പണി പൂർത്തിയാക്കിയത്. ഇന്ന് ഇതേ ഭൂമിയിൽ തന്നെ മികച്ച നിലവാരത്തിലുള്ള സർക്കാർ ഹോമിയോ ആശുപത്രിയും ആയൂർവേദ ആശുപത്രിയും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു എന്നുള്ളത് മറ്റൊരു സവിശേഷത.

എൻ.എച്ച്.എം പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിച്ച 15 ലക്ഷം രൂപക്ക് പുറമെ ജനകീയ കമ്മിറ്റി സ്വരൂപിച്ച 1.30 കോടി രൂപയും ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ മുഖേനയായിരുന്നു ഫണ്ട് കളക്ഷൻ. തൊഴിലുറപ്പ് തൊഴിലാളികൾ മുതൽ പ്രവാസികൾ വരെ ധനസമാഹരണത്തിൽ പങ്കാളികളായി. 

ദിവസേന ഇരുന്നൂറിൽ അധികം രോഗികൾ എത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമായതോടെ കൂടുതൽ ആരോഗ്യ സേവനങ്ങളും തൂണേരിക്കാർക്ക് ലഭ്യമാവും. എൻ.എച്ച്.എമ്മും പഞ്ചായത്തും ഒരോ ഡോക്ടർമാരെ കൂടെ നിയമിക്കുന്നേതോടെ മൂന്ന് ഡോക്ടർമാരുടെ സേവനം, രാവിലെ മുതൽ വൈകുന്നേരം വരെ ഒപി, ലാബ്, ഒബ്സർവേഷൻ സെന്റർ, ഇ.സി.ജി, വിശാലമായ ഫാർമസി തുടങ്ങിയവയും ലഭ്യമാകും.

date