Skip to main content

ക്ഷീരകര്‍ഷക സംഗമം 'പടവ്-2024' സ്വാഗതസംഘം രൂപീകരിച്ചു

ഇടുക്കിയിലെ അണക്കരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -'പടവ് 2024' ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയ്ക്ക് കരുതലായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും പലിശരഹിത വായ്പയും തീറ്റചെലവ് കുറയ്ക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
തൊടുപുഴ റിവര്‍വ്യൂ ഹാളില്‍ നടന്ന യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. റ്റി. മനോജ് അധ്യക്ഷത വഹിച്ചു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഇആര്‍സിഎംപിയു ചെയര്‍മാന്‍ എം. ടി. ജയന്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ടോണി തോമസ് കാവാലം, കെഎല്‍ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. രാജീവ്, കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍, അണക്കര ക്ഷീരസഹകരണ സംഘം പ്രസിഡന്റും ഇആര്‍സിഎംപിയു ബോര്‍ഡ് അംഗവുമായ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആശംസ അറിയിച്ചു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി.
പരിപാടിയില്‍ വിവിധ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ക്ഷീരസഹകരണ സംഘം പ്രസിഡന്റുമാര്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍, ക്ഷീരകര്‍ഷകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി.ബോര്‍ഡ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ സ്വാഗതവും ക്ഷീരവികസന വകുപ്പ് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡോളസ് പി. ഇ. കൃതഞ്ജതയും പറഞ്ഞു.

ചിത്രം:
1. ഇടുക്കിയിലെ അണക്കരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -'പടവ് 2024' ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു .

date