Skip to main content
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാതല ഏകദിന സെമിനാര്‍ 20ന് റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാതല ഏകദിന സെമിനാര്‍ 20ന് റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി നടത്തുന്ന ഏകദിന സെമിനാര്‍ ജനുവരി 20ന് സെന്റ് മേരീസ് കോളജ് ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ധനസഹായ പദ്ധതികളെപ്പറ്റി ക്ലാസുകളും ചര്‍ച്ചയും സെമിനാറില്‍ ഉണ്ടായിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ജില്ലയിലെ ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിന് ജില്ലാതല സിറ്റിങ്ങുകളും അവരുടെ അവകാശങ്ങള്‍, ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിന് കമ്മിഷന്‍ സെമിനാറുകളും നടത്തിവരുന്നുണ്ട്. കൂടാതെ, ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് പല പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു.

ന്യൂനപക്ഷങ്ങളിലെ പാര്‍ശ്വവല്‍കൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പാക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തിരുമാനമായി. ന്യൂനപക്ഷ വിഭാഗത്തിലെ ഒരുലക്ഷം യുവതിയുവാക്കളെ ഈ വര്‍ഷം റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് ന്യൂനപക്ഷ സമൂഹത്തിലെ തൊഴിലന്വേഷകരെ സജ്ജമാക്കുകയാണ് ലക്ഷ്യം.

ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദേശ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് മൈനോറിറ്റി എജ്യുക്കേഷണല്‍ അക്കാദമി സ്ഥാപിക്കാനുള്ള രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചുകഴിഞ്ഞു. സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ- ജൈന- സിഖ്- പാഴ്സി വിഭാഗങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള മീഡിയ അക്കാദമിയെ ചുമതലപ്പെടുത്തി. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സംസ്ഥാനതല സെമിനാര്‍ ഫെബ്രുവരി മൂന്നിന് എറണാകുളത്ത് നടക്കും. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ്, കമ്മിഷന്‍ അംഗം എ. സൈഫുദ്ദിന്‍ ഹാജി, സംഘാടകസമിതി പ്രസിഡന്റ് എ.എം ഹാരിസ്, കോഡിനേറ്റര്‍ റോണി അഗസ്റ്റിന്‍, സെക്രട്ടറി ഫാദര്‍ നൗജിന്‍ വിതയത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date